കാസർകോട്: കുഞ്ഞാലി വരും, ഡിസംബര്‍ രണ്ടിന് ലോകമെങ്ങുമുള്ള മൂവായിരത്തോളം തിയ്യേറ്ററുകളില്‍ ഗര്‍ജ്ജിക്കും. അതിനായി, അറബിക്കടലിന്‍റെ സിംഹം മരയ്‌ക്കാറെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ഓരോ മോഹന്‍ലാല്‍ ആരാധകനും. അക്കൂട്ടത്തില്‍ വ്യത്യസ്‌തനായ ഒരാളുണ്ട് കാസര്‍കോട്ട്, പേര് മിഥുന്‍ രാജ്.
വലത് തോളില്‍ ഭീമന്‍ ടാറ്റു പതിപ്പിച്ചാണ് ഈ 23 കാരന്‍റെ ആവേശപ്രകടനം. നെറ്റിയിലും ഇരുകവിളിലും രക്തം പൊടിഞ്ഞിരിക്കുന്ന മുഖ ചിത്രം, കുതിരപ്പുറത്ത് വീറോടെ സഞ്ചരിക്കുന്ന മറ്റൊരു പൂര്‍ണരൂപം. കുഞ്ഞാലിയായ മോഹന്‍ലാലിന്‍റെ ഈ രണ്ടുചിത്രങ്ങളാണ് ടാറ്റുപതിപ്പിക്കാന്‍ മിഥുന്‍ ഉപയോഗിച്ചത്.
അര ലക്ഷം രൂപ വരുന്ന ടാറ്റു പൂർത്തിയാക്കാന്‍ നീണ്ട 10 മണിക്കൂറെടുത്തു. വരയ്ക്കാനും ഷെയ്‌ഡിങിനുമായി ആറ് സൂചികൾ ഉപയോഗിച്ചു. എന്നാൽ, വേദന ഒട്ടും ഇല്ലായിരുന്നുവെന്നും മനസുനിറയെ സന്തോഷമായിരുന്നുവെന്നും മിഥുൻ പറയുന്നു.
എറണാകുളത്തെ ഡീപ് ഇങ്ക് ടാറ്റു സ്റ്റുഡിയോയിലെ കുൽദീപ് കൃഷ്‌ണയാണ് കലാകാരന്‍. കടുത്ത ഫാന്‍ ബോയിയായ അദ്ദേഹം സൗജന്യമായാണ് ടാറ്റു ചെയ്‌തുനല്‍കിയത്.
''ലാലോട്ടനെ നേരാട്ടുകാണാന്‍ ആഗ്രഹം''
ബിരുദം കഴിഞ്ഞ് സർക്കാർ ജോലിക്കായി പി.എസ്.സി പഠനത്തിലാണ് നീലേശ്വരം പാലത്തടം സ്വദേശിയായ മിഥുന്‍ രാജ്. കഴിഞ്ഞ എട്ടുവർഷമായി മോഹൻലാല്‍ സിനിമകള്‍ ആദ്യ ഷോയ്‌ക്ക് തന്നെ ഇടിച്ചുകയറി കാണാറുണ്ട്. മോഹൻലാല്‍ ഫാന്‍സ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് അംഗം കൂടിയാണ്. മോഹൻലാലിനെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നാണ് ഈ ചെറുപ്പക്കാരന്‍റെ ആഗ്രഹം.
കയ്യിൽ മാത്രമല്ല ശരീരം മുഴുവൻ ടാറ്റു പതിപ്പിക്കാനും തയ്യാറാണെന്ന് മിഥുൻ പറയുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന മിഥുനിന്‍റെ കുടുംബവും ലാലിന്‍റെ കടുത്ത ആരാധകരാണ്. കുഞ്ഞാലിമരയ്‌ക്കാറിന്‍റെ 20 ഫാൻസ് ഷോകളാണ് കാസർകോട്ട് നടക്കുക. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെയും മറ്റ് ഒരുക്കങ്ങളുടെയും തിരക്കിലാണ് മിഥുനും സുഹ്യത്തുക്കളും.