കാസർകോട്: വനത്തിൽ കാണാതായ കുട്ടിയെ കണ്ടെത്തി. വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് നന്നാക്കാൻ പോയി വരുന്നതിനിടയിൽ വഴിതെറ്റിയ ലിജീഷിനെ (15) ഞായറാഴ്‌ച രാവിലെ ശങ്കരങ്ങാനം വനത്തിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്.
ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ കൊന്നക്കാട് പഞ്ചാബിൽ വട്ടമല ഷാജിയുടെ മകൻ ലിജീഷ് പൈപ്പ് നന്നാക്കാൻ പോയി വരുന്നതിനിടയിൽ വഴി തെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. കിലോമീറ്റർ അകലെയുള്ള കോട്ടഞ്ചേരി വനത്തിനുള്ളിൽ ശങ്കരങ്ങാനം ഭാഗത്തു നിന്നാണ് കുട്ടിയെ തിരിച്ചുകിട്ടിയത്.
രാത്രി വഴി അറിയാതെ ലിജീഷ് കാട്ടിനുള്ളിൽ കഴിയുകയായിരുന്നു. നാട്ടുകാർ രാത്രി മുതൽ തിരച്ചിൽ നടത്തിവരികയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൻ്റെ ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.