കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്നും രാഷ്‌ട്രീയ പ്രതികരണം നടത്താൻ പ്രതിപക്ഷ നേതാവിന്‍റെ അനുമതി വാങ്ങേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കാസർകോട് വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിന്‍റേത് പക്വതയില്ലാത്ത പെരുമാറ്റമാണ്. പ്രതിപക്ഷ നേതാവിന്‍റെ പരിചയക്കുറവ് മറച്ചുവയ്‌ക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നത്. വിമർശനങ്ങളെ സഹിഷ്‌ണുതയോട് കൂടി സ്വീകരിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ എല്ലാവർക്കും വ്യക്തിത്വമുണ്ട്.
ഒരാളുടെ വ്യക്തിത്വത്തിന് മുകളിൽ കുതിര കേറാൻ ശ്രമിച്ചാൽ, അവഹേളിക്കാൻ ശ്രമിച്ചാൽ ഞാനാണ് ലോകത്തുള്ള ഏക വിവരം ഉള്ള ആളെന്ന് സ്വയം പ്രഖ്യാപിച്ച് ബാക്കിയുള്ളവരെയൊക്കെ പുച്ഛിച്ചാൽ അത് ചൂണ്ടിക്കാണിക്കും. എത്ര എത്ര മന്ത്രിമാരെ പ്രതിപക്ഷ നേതാവ് അവഹേളിച്ചു.
പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ സിപിഎമ്മിന്‍റെ സഖാക്കൾ കൊല്ലപ്പെടേണ്ടവരാണെന്നും വളരെ മോശക്കാരാണെനും തോന്നുന്ന നിലയിലേക്കുള്ള പരസ്യ പ്രസ്‌താവനകൾ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ നടത്തുന്നത് ശരിയല്ല എന്ന് പറയാൻ അദ്ദേഹത്തിന്‍റെ അനുമതി വാങ്ങിക്കണോയെന്നും റിയാസ് ചോദിച്ചു. ബിജെപിയെ വിമർശിക്കുമ്പോൾ സതീശന് പൊള്ളുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.