കാസർകോട്: കാസർകോട് നഗരത്തിൽ യുവതിയെ ശല്യം ചെയ്തതിന് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്ത മധ്യവയസ്‌കൻ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്.
നഗര മധ്യത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മരിച്ച റഫീഖ് ഒരു യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇതിനെ യുവതി ചോദ്യം ചെയ്‌തതോടെ റഫീഖ് ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടി. പിന്നാലെ യുവതിയും റോഡിലെത്തി. തുടർന്ന് റോഡരികിലുണ്ടായിരുന്ന ആൾക്കാർ പ്രശ്‌നത്തിലിടപെടുകയായിരുന്നു. രക്ഷപ്പെടാനായി പുതിയ ബസ് സ്‌റ്റാന്‍റിന്‍റെ പരിസരത്തേക്ക് ഓടിയ റഫീഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രി പരിസരത്തേക്ക് ബലം പ്രയോഗിച്ച് എത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ കുഴഞ്ഞു വീണ റഫീഖിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാൽ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളോ ചതവുകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല.
പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. അപമാനിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ റഫീഖിനെതിരെയും ഒപ്പം അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തു.