കാസർകോട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയെ മേളത്തിലാറാടിച്ച് മേലാങ്കോട്ടെ കുട്ടികൾ. കലോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ 60 കുരുന്നുകളാണ് പാഞ്ചാരിമേളത്തിന്റെ അലയൊലി തീർത്തത്. ഒരു മാസം നീണ്ട പരിശീലനത്തിനൊടുവിലാണ് മേലാങ്കോട് യു.പി സ്കൂളിലെ കുട്ടികൾ പാഞ്ചാരിയിൽ കൊട്ടിക്കയറിയത്. കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി ആറിടങ്ങളിൽ 'കൊട്ടിപ്പാട്ട്' എന്ന പേരിൽ പഞ്ചാരി അവതരിപ്പിച്ച ശേഷമാണ് ഈ കൊച്ചുമിടുക്കർ കലോത്സവ നഗരിയിലെ പ്രധാന വേദിയിൽ മേളപ്പെരുക്കം തീർത്തത്.
കൊമ്പിന്റെയും കുഴലിന്റെയും അകമ്പടിയിൽ ആശാൻമാർക്കൊപ്പം കുട്ടികൾ തികഞ്ഞ കൈവഴക്കത്തോടെ കൊട്ടിക്കയറിയപ്പോൾ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, സി.രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ആസ്വാദകരായെത്തി. വലിയ സദസിന് മുന്നിൽ മേളം അവതരിപ്പിക്കാനായതിന്‍റെ സന്തോഷത്തോടെയാണ് കുട്ടികൾ വേദി വിട്ടത്.