കാസർകോട്: കടകളുടെ വാടക കുടിശിക നല്‍കാത്തതിനാല്‍ കാസര്‍കോട് നഗരസഭാ കെട്ടിടങ്ങളിലെ നിരവധി സ്ഥാപനങ്ങള്‍ പൂട്ടി സീൽ വച്ചു. ലക്ഷക്കണക്കിന് രൂപ കുടിശികയായതിനാൽ പലതവണ നോട്ടീസ് നല്‍കിയിട്ടും അടക്കാന്‍ തയ്യാറാകാത്തതിനാലാണ് നഗരസഭാ റവന്യു ഓഫീസര്‍ റംസി ഇസ്‌മയിലിന്‍റെ നേതൃത്വത്തില്‍ നടപടി ശക്തമാക്കിയത്.
പുതിയ ബസ് സ്‌റ്റാൻഡ്, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലായി 22 സ്ഥാപനങ്ങള്‍ക്കാണ് താഴ് വീണത്. 2020 ജനുവരിയില്‍ കുടിശിക പിരിക്കാൻ റവന്യു വിഭാഗം ആരംഭിച്ചെങ്കിലും നടപടി നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. എന്നാൽ നടപടി ശക്തമായതോടെ സ്ഥാപനം പൂട്ടാതിരിക്കാനായി പലരും കുടിശിക തിരിച്ചടക്കാൻ തുടങ്ങി. ഇതോടെ രണ്ടുദിവസത്തിനുള്ളില്‍ വാടക ഇനത്തില്‍ പത്തുലക്ഷം രൂപയോളമാണ് ലഭിച്ചത്. 35 ലക്ഷത്തോളം രൂപയാണ് വാടക ഇനത്തില്‍ നഗരസഭയ്‌ക്ക് കിട്ടാനുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാലാണ് കുടിശിക പിരിവ് ഊര്‍ജമാക്കിയത്. അതേ സമയം നടപടിക്കെതിരെ ഭരണസമിതി അംഗങ്ങളില്‍ നിന്നും വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്.
നികുതി ഇനത്തിലും ലക്ഷങ്ങളുടെ കുടിശികയാണ് നഗരസഭയ്‌ക്ക് ലഭിക്കാനുള്ളത്. 2020 ഡിസംബര്‍ വരെ 78 ലക്ഷം രൂപയോളം നികുതിയിനത്തിൽ ലഭിക്കാനുണ്ട്.