കാസർകോട്: ഉപതെരഞ്ഞടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് മുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. സ്വതന്ത്രർ ഉൾപ്പെടെ അഞ്ച് പേരാണ് പത്രിക സമർപ്പിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി ഒഫീസിൽ മുന്നണി നേതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രകടനമായാണ് എല്‍.ഡി.എഫ് സ്ഥാനാർഥി എം.ശങ്കർ പത്രിക സമർപ്പണത്തിനെത്തിയത്. സി.പി.എം. നേതാക്കളായ പി.കെ.ശ്രീമതി, പി.കരുണാകരൻ, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു. തുളുനാടിന്‍റെ മനസറിയുന്ന തന്നെ മഞ്ചേശ്വരം ജനത നിയമസഭയിലേക്ക് അയക്കുമെന്ന് കലക്ടറേറ്റിൽ മഞ്ചേശ്വരം മണ്ഡലം മുഖ്യ വരണാധികാരി എ.പ്രേമചന്ദ്രൻ മുൻപാകെ പത്രിക സമര്‍പ്പിച്ച ശേഷം ശങ്കര്‍ പറഞ്ഞു.
രാവിലെ മധൂർ ക്ഷേത്രത്തില്‍ ദർശനം നടത്തിയ ശേഷമാണ് എൻ.ഡി.എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാർ പത്രിക സമർപ്പിക്കാൻ കലക്ടറേറ്റിലെത്തിയത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, വി.ബാലക്യഷ്ണ ഷെട്ടി, കെ.ശ്രീകാന്ത് തുടങ്ങിയ നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിയെ അനുഗമിച്ചു. മണ്ഡലത്തിൽ ബി.ജെ.പിക്ക് വിജയം സുനിശ്ചിതമാണെന്നും പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.
മഞ്ചേശ്വരം ബ്ലോക്ക് ഓഫീസിൽ ഉപ വരണാധികാരിക്ക് മുൻപാകെയാണ് യു.ഡി.എഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ പത്രിക സമർപ്പിച്ചത്. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, സുബ്ബയറായ്, എ.കെ.എം.അഷ്റഫ് തുടങ്ങിയ നേതാക്കൾ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കുന്ന തന്നെ വോട്ടർമാർ വിജയിപ്പിക്കുമെന്ന് എം.സി.ഖമറുദ്ദീൻ പറഞ്ഞു. മുന്നണി സ്ഥാനാർഥികൾക്ക് പുറമെ രണ്ട് സ്വതന്ത്രരും പത്രിക സമർപിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് പോരിനും വീര്യമേറി.