കാസർകോട്: കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ കൂടുതൽ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന്. സുന്ദരയ്ക്ക് ബി.ജെ.പി പ്രവർത്തകർ നൽകിയെന്നു ആരോപിക്കുന്ന പണത്തിൽ ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി കണ്ടെത്തി. തനിക്ക് ലഭിച്ച പണം ചെലവായി എന്നായിരുന്നു സുന്ദര നേരത്തെ മൊഴിനൽകിയിരുന്നത്. പത്രിക പിൻവലിക്കാനായി സുന്ദരയ്ക്ക് ബിജെപി പ്രവർത്തകർ നൽകിയെന്നു പറയുന്ന രണ്ടര ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപയാണ് കണ്ടെത്തിത്.
സുഹൃത്തിന്‍റെ കൈവശം ഏൽപ്പിച്ച പണം ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. ബാക്കി വരുന്ന ഒന്നരലക്ഷം രൂപ കടം വീട്ടുന്നതിനും മറ്റുമായി ചെലവാക്കിയെന്നാണ് സുന്ദര ഇപ്പോൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടയിൽ പണത്തോടൊപ്പം നൽകിയ സ്‌മാർട്ട്‌ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ വാങ്ങിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബിജെപി പ്രാദേശിക നേതാക്കളായ അശോക് ഷെട്ടി, സുരേഷ് നായിക് എന്നിവരെ ചോദ്യം ചെയ്യും. അതെദിവസം തന്നെ സുന്ദരയുടെ വീട്ടിൽ എത്തിയ യുവമോർച്ച നേതാവ് സുനിൽ നായിക്കിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും.
കഴിഞ്ഞ ദിവസം വാണിനഗറിലെ വീട്ടിലെത്തി സുന്ദരയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് ബിജെപി പ്രാദേശിക നേതാക്കൾ പണം നൽകിയതായുള്ള മൊഴി ലഭിച്ചിരിന്നു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേസിൽ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
Read more: പത്രിക പിന്‍വലിക്കാന്‍ കോഴ : കെ സുരേന്ദ്രനെതിരെ കേസെടുത്തു