കാസര്‍കോട്: തലപ്പാടി ചെക്ക് പോസ്റ്റ് വഴി ഉപാധികളോടെ മംഗളൂരുവിലേക്ക് രോഗികളെ കടത്തിവിട്ടു തുടങ്ങിയെങ്കിലും ആശുപത്രിയിലെത്തിയ രോഗിയെ ചികിത്സിക്കാതെ പറഞ്ഞുവിട്ടതായി പരാതി. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ആദ്യമായി കടത്തിവിട്ട രോഗിയെയാണ് മടക്കിയയച്ചത്. കേരള -കർണാടക സർക്കാരുകൾ തമ്മിലുണ്ടാക്കിയ നിബന്ധനയനുസരിച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് കാസർകോട് തളങ്കര സ്വദേശിയായ യുവതിയെ ചികിത്സക്കായി മംഗളൂരുവിലേക്ക് കടത്തിവിട്ടത്.
കേരള സംഘം പരിശോധിച്ച് സർട്ടിഫിക്കറ്റ് നല്‍കിയ രോഗിയെ സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് തലപ്പാടി ചെക്ക്പോസ്റ്റില്‍ എത്തിച്ചത്. തുടര്‍ന്ന് യുവതിയുടെ മെഡിക്കൽ രേഖകൾ കർണാടക മെഡിക്കൽ സംഘം പരിശോധിക്കുകയും യാത്രാനുമതി നൽകുകയും ചെയ്‌തു. തുടർ ചികിത്സക്കായി പോയ ഇവരെ പൊലീസ് നിർദേശപ്രകാരം ദേർളക്കട്ടയിലെ കെഎസ് ഹെഗ്ഡെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പരിശോധിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. അത്യാഹിത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ ചികിത്സയുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായാണ് പരാതി.
എന്നാല്‍ രോഗിയെ സിടി സ്‌കാൻ ചെയ്യണമെന്ന് രോഗിക്കൊപ്പം എത്തിയ വ്യക്തി ആവശ്യപ്പെട്ടതായും അത്യാസന്ന നിലയിലല്ലാത്ത രോഗിയെ അനാവശ്യമായി സ്‌കാനിങ്ങിന് വിധേയമാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും അത് നിഷേധിച്ച് കിടത്തി ചികിത്സിക്കണമെന്ന വാദമാണ് അവര്‍ ഉന്നയിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നേരത്തെ ഇവരെ പമ്പ് വെല്ലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്.
അതേസമയം നിലവിൽ മംഗളൂരുവിലെ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളെ തിരിച്ചുവിടുന്നതായും ആരോപണങ്ങളുയരുന്നുണ്ട്. രോഗികളെ കടത്തിവിടുന്നതിനായി തലപ്പാടിയിലേർപ്പെടുത്തിയ നിബന്ധനകൾ അടിയന്തര ഘട്ടത്തിൽ പ്രായോഗികമാകുന്നില്ലെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു.