കാസർകോട്: ഉള്ളി ചാക്കുകളുടെ മറവില്‍ കർണാടകയിൽ നിന്ന് മലപ്പുറത്തേക്ക് വാഹനത്തിൽ കടത്തുകയായിരുന്ന 60,000 പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. മലപ്പുറം തിരൂർ എടയൂർ സ്വദേശി തെക്കുംപള്ളിയാൽ ഹൗസിൽ ഉദയചന്ദ്രൻ (49), മലപ്പുറം വാളക്കുളം സ്വദേശി പനമഠത്തിൽ അബ്‌ദുല്‍ ലത്തീഫ് (57) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിപണിയില്‍ 25 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്‌പന്നങ്ങളാണ് പിടിച്ചെടുത്തത്.
45 ചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്‌പന്നങ്ങള്‍. കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് വാഹന പരിശോധനക്കിടെ സംശയം തോന്നി കെ എൽ 57 എച്ച് 80 35 നമ്പർ മഹീന്ദ്ര പിക് അപ്പ് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി പ്രതികൾ പൊലീസ് പിടിയിലായത്. കാസര്‍കോട് ടൗൺ പൊലീസ് ഇൻസ്പെക്‌ടർ പി അജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.
എസ് ഐ കെ ചന്ദ്രൻ, എ എസ് ഐ രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫിലിപ്പ് തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.