കാസർകോട്: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയും വർഷങ്ങളായി നീർച്ചാലിൽ താമസക്കാരനുമായ മുരുകേഷിനെയാണ്(40) ബദിയടുക്ക എസ്ഐ കെ.പി വിനോദ് കുമാർ ഇന്നലെ (ഒക്‌ടോബർ 05) അറസ്റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച (ഒക്‌ടോബർ 04) രാത്രി 10 മണിയോടെയാണ് ഇയാൾ യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചത്.
തമിഴ്‌നാട് സ്വദേശിനിയും പ്രതിയുടെ അയൽവാസിയുമായ 44കാരിയെയാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിനു കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ യുവതി കൈ കൊണ്ടു തടഞ്ഞു. ഇതോടെ കൈയ്യിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതിയിൽ യുവതിയുടെ മൊഴിയെടുത്ത പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also read: കോടതി സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യക്ക് മർദനം; ഭർത്താവ് അറസ്റ്റിൽ