കാസര്‍കോട്: മാക്കം തെയ്യത്തിന്‍റെ തോറ്റം പാട്ട് പുതുതലമുറ വായനക്കാരിലേക്ക് എത്തിച്ച് അംബികാസുതന്‍ മാങ്ങാടിന്‍റെ നോവല്‍ 'മാക്കം എന്ന പെണ്‍ തെയ്യം'. മാക്കത്തിന്‍റെ പുരാവൃത്തത്തെ ആസ്‌പദമാക്കിയുള്ള തോറ്റംപാട്ടിനെ അവലംബമാക്കി ഫിക്ഷന്‍ രൂപത്തില്‍ പുനരാഖ്യാനിക്കുകയാണ് നോവലിലൂടെ അംബികാസുതന്‍. തെയ്യത്തിന്‍റെ ഇതിവൃത്തങ്ങള്‍ പ്രമേയമാകുന്ന ധാരാളം സൃഷ്‌ടികള്‍ക്കിടയിലേക്കാണ് മാക്കം എന്ന പെണ്‍തെയ്യം നോവല്‍ കൂടി എത്തുന്നത്. മാക്കത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തിക്കൊണ്ടുള്ള പുനരാഖ്യാനമാണ് നോവല്‍.
ഭാഷയിലും ഭാവത്തിലും പൂര്‍ണമായും തോറ്റത്തിന്‍റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ളതാണ് അംബികാസുതന്‍ മാങ്ങാടിന്‍റെ രചന. ചതിയും ഹിംസയും അസൂയയുമെല്ലാം ചേര്‍ന്ന് പ്രബലമായ കടാങ്കോട് തറവാട് നശിച്ച കഥ വളച്ചുകെട്ടലുകളില്ലാതെ നോവല്‍ രൂപത്തില്‍ അംബികാസുതന്‍ മാങ്ങാട് പറയുന്നു. മണ്‍മറഞ്ഞ ഒരു കാലത്തിന്‍റെ ജീവിതവും സാംസ്‌കാരിക സവിശേഷതകളും ഈ പുനരെഴുത്തില്‍ അനുപാദം ഇടകലര്‍ത്തിയിട്ടുണ്ട്.
തെയ്യം വെറുമൊരു അനുഷ്‌ഠാന കലാരൂപം മാത്രമല്ലെന്നും മറിച്ച് നിറഞ്ഞ വിശ്വാസത്തിന്‍റെയും ഭക്തിയുടെയും പ്രതീകം കൂടിയാണെന്നും ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. സാമൂഹ്യ ജീവിതത്തിന്‍റെയും കുടുംബ ജീവിതത്തിന്‍റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തര കേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്‍ തെയ്യമാണ് കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്‍റെയും കുടുംബാധികാരത്തിന്‍റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്‍റെ ജീവിതകഥ പറയുന്നതാണ് ഈ നോവല്‍.