കാസർകോട്: കുന്നിൻമുകളിൽ ഭൂമി വിണ്ടു മാറിയതോടെ അപകട മുനമ്പിൽ കഴിയുകയാണ് മധൂർ ചേനക്കോട് പദാർത്ഥ വയലിലെ കുടുംബങ്ങൾ. ഇവിടെ രണ്ടു മീറ്ററിലേറെ താഴ്ചയിൽ ഭൂമി വിണ്ടു മാറിയ നിലയിലാണ്. വിള്ളൽ സംഭവിച്ചതോടെ ഭൂമിയുടെ തറനിരപ്പിലും വ്യത്യാസം വന്നു. കാലവർഷത്തിന്‍റെ അവസാനത്തോടെയാണ് പദാർത്ഥ വയലിൽ കുന്നിൻമുകളിൽ ഭൂമിയിൽ വിള്ളൽ കണ്ടുതുടങ്ങിയത്. തുടർച്ചയായുള്ള ദിവസങ്ങളിൽ മഴ ലഭിച്ചതോടെ വിള്ളലിന്‍റെ വ്യാപ്‌തി വർധിക്കുകയും മണ്ണ് നിരങ്ങി നീങ്ങുകയായിരുന്നു. പ്രദേശത്തെ മരങ്ങൾ ഒന്നാകെ കടപുഴകി വീണു. ഉയരമുള്ള ഭാഗത്ത് മീറ്ററുകളുടെ വ്യത്യാസത്തിൽ ഭൂമി പിളർന്ന നിലയിലാണ്. ഇതോടെ താഴ്ഭാഗത്തെ വീട്ടുകാരും ആശങ്കയോടെയാണ് ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്. ഏതുനിമിഷവും അപകടത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഇവരുടെ ജീവിതം.
കനത്ത മഴയിൽ മണ്ണിലെ സുഷിരങ്ങളിൽ വെള്ളം നിറയുന്നത് വഴി മേൽ മണ്ണിന്‍റെ ഭാരം കൂടുന്നതും സോയിൽ പൈപ്പിങ് പ്രതിഭാസവും ഭൂമിയുടെ ഘടന മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന നിഗമനത്തിലാണ് ഭൗമ ശാസ്ത്ര വിദഗ്‌ധർ. കുന്നിന്‍റെ താഴ്ഭാഗത്ത് വീടുകളിലുള്ളവരെ മാറ്റി പാർപ്പിച്ചില്ലെങ്കിൽ അത് വലിയൊരു ദുരന്തത്തിന് കാരണമായേക്കാം. കുന്നിടിഞ്ഞാൽ മധുവാഹിനി പുഴയോട് ചേർന്നുള്ള ചേനക്കോട് ചെക്ക് ഡാം ഉൾപ്പെടെ അപകടത്തിലാകുമെന്ന് പ്രദേശവാസികൾ പറയുന്നു.