കാസർകോട്: 94 ശതമാനം മാർക്കോടെ മെറിറ്റിൽ സീറ്റ് ലഭിച്ച തനിക്ക് അധ്യാപിക കാരണം പ്രവേശനം നിഷേധിച്ചുവെന്ന് വിദ്യാർഥിനിയുടെ പരാതി. കാഞ്ഞങ്ങാട് സ്വദേശിയായ അഖില ചന്ദ്രനും, രക്ഷിതാവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ എം.രമയ്‌ക്കെതിരെയാണ് വീണ്ടും പരാതി ഉയരുന്നത്.
കെമിസ്ട്രി ബിരുദാനന്തര ബിരുദത്തിലെ അഡ്‌മിഷനാണ് കോളജിലെ പൂർവ വിദ്യാർഥി കൂടിയായ അഖിലയ്ക്ക് കഴിഞ്ഞ വർഷം നഷ്‌ടമായത്. സഹോദരനുണ്ടായിട്ടും അഡ്‌മിഷൻ നടപടികൾക്കായി രക്ഷിതാവ് വേണമെന്ന് മുൻ പ്രിൻസിപ്പൽ രമ വാശിപിടിച്ചുവെന്നാണ് പരാതി. ഇതിന്‍റെ പേരിൽ മാത്രം പ്രവേശനം നിഷേധിച്ചുവെന്ന് അഖില പറയുന്നു.
പിന്നീട് രക്ഷിതാവുമായി എത്തിയപ്പോൾ പിതാവിന്‍റെ മുന്നിൽ നിന്നു പോലും രമ മോശമായി സംസാരിച്ചു. അത്, തന്നെ മാനസികമായി തളർത്തിയെന്നും അഖില പറയുന്നു. അധ്യാപികയിൽ നിന്നും വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് അഖിലയുടെ പിതാവ് ചന്ദ്രശേഖരനും പറഞ്ഞു.
എല്ലാ അപേക്ഷകളിലും ഒപ്പിട്ട് നൽകിയിരുന്നു. എന്നാൽ, അത്യാവശ്യ കാര്യം ആയതിനാൽ 24 വയസുള്ള മകനെ കോളജിലേക്ക് വിടേണ്ടി വന്നു. പ്രായപൂർത്തിയായ ഒരാൾക്ക് കോളജിൽ അഡ്‌മിഷന് രക്ഷിതാക്കൾ വേണ്ടെന്ന നിയമം പോലും ഉണ്ട്.
എന്നിട്ടും മകൾക്ക് അവിടെ അഡ്‌മിഷൻ കൊടുക്കാൻ തയ്യാറായില്ലെന്നും ചന്ദ്രശേഖരൻ പറയുന്നു. ക്ലാസുകൾ ആരംഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്പോട് അഡ്‌മിഷനിലൂടെ കണ്ണൂരിലുള്ള മറ്റൊരു കോളജിൽ അഖിലക്ക് പ്രവേശനം നേടാനായത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുൾപെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
അതേസമയം, വിദ്യാർഥിനിയുടെ പ്രവേശനം തടഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് മുൻ പ്രിൻസിപ്പൽ എം.രമയുടെ വിശദീകരണം. അതിനിടെ ഗവ.കോളജ് മുൻ പ്രിൻസിപ്പൽ എം.രമയ്‌ക്കെതിരെ എസ്എഫ്ഐ സമരം ശക്തമാക്കി. വിദ്യാർഥികളെ അപമാനിക്കുന്ന പ്രസ്‌താവനകൾ നടത്തിയതിനാൽ സസ്പെൻഡ് ചെയ്‌ത് അന്വേഷണം നടത്താൻ ഉത്തരവിടുന്നതു വരെ അധ്യാപികയെ കോളജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ.