കാസർകോട്: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ചികിത്സാ സൗകര്യം പരിമിതപ്പെടുത്തുന്നു. ഗുരുതര രോഗമുള്ളവരെ ചികിത്സിക്കാനാവശ്യമായ സൗകര്യങ്ങള്‍ ജില്ലയില്‍ ഇല്ലാത്തതും പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കിടക്കകള്‍ പോലും ഒഴിവില്ലാത്തതുമായ സാഹചര്യമാണ് നിലവിലുള്ളത്. വെന്‍റിലേറ്ററും ഐസിയുവും ആവശ്യമായി വരുന്ന മറ്റ് രോഗബാധിതർക്ക് ചികത്സയൊരുക്കുക എന്ന വെല്ലുവിളിയാണ് ജില്ലാ ആരോഗ്യവകുപ്പിന് മുന്നിലുള്ളത്. നിലവില്‍ പരിയാരത്തെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലാണ് ജില്ലയില്‍ നിന്നുള്ള ഇത്തരക്കാര്‍ക്ക് ചികിത്സ. എന്നാല്‍ ഇനി മുതല്‍ കാസര്‍കോട്ട് നിന്നുള്ള സി കാറ്റഗറി രോഗികളെ പരിയാരത്തേക്ക് അയക്കരുതെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നതിന് സൗകര്യമില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ജില്ലാ ആശുപത്രി, സിഎഫ്എല്‍ടിസികള്‍, ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ പരിയാരത്തായിരുന്നു ചികിത്സിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളജിലുള്ള 10 ഐസിയു സംവിധാനത്തെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ടാറ്റ കൊവിഡ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയില്ല. സി കാറ്റഗറി രോഗികളുടെ എണ്ണം ഒരോ ദിവസവും കൂടി വരുന്നതോടെ ചികിത്സക്കായി മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട നിലയിലാണ് കാര്യങ്ങള്‍. ഗര്‍ഭിണികളായ കൊവിഡ് രോഗികളുടെ ചികത്സയും മുടങ്ങുന്ന അവസ്ഥയാണ്. വെന്‍റിലേറ്ററും ഐസിയുവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ആരോഗ്യ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കൂ. അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്കുള്ളത്.