കാസർകോട്: സമരത്തെയും ജനക്കൂട്ടത്തെയും നേരിടാന്‍ പുതിയ ശൈലിയുമായി കേരള പൊലീസ്. പ്രാകൃത മര്‍ദന മുറകള്‍ ഒഴിവാക്കി ശാസ്ത്രീയ പരിശീലനമാണ് സേനാംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. പൊലീസുകാര്‍ക്കും പ്രതിഷേധിക്കുന്നവര്‍ക്കും മതിയായ സുരക്ഷിതത്വം നല്‍കുന്ന പുതിയ ശൈലിയില്‍ അല്‍പം മനുഷ്യത്വത്തിനാണ് പരിഗണന.
സംഘര്‍ഷ മേഖലകളിലെ അറസ്റ്റ്, ആള്‍ക്കൂട്ടത്തെ ചിതറിക്കല്‍, കല്ലേറ് പ്രതിരോധിക്കാനുള്ള ലോ ആന്‍ഡ് ഹൈ ഷീല്‍ഡ് വാള്‍ ഇത് എല്ലാമാണ് സമരസ്ഥലങ്ങളിലെ പൊലീസ് സേനയുടെ പുതിയ പ്രതിരോധ രീതികൾ. ലാത്തിയും ഷീല്‍ഡും ഉപയോഗിച്ച് മാത്രം സമരക്കാരെ നേരിടുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്.
മനുഷ്യത്വത്തിന് പരിഗണന നല്‍കുന്ന പുതിയ ശൈലിയുടെ അടിസ്ഥാനത്തിൽ കാല്‍മുട്ടിന് താഴെയും കൈമുട്ടിന് താഴെയും മാത്രമേ ലാത്തി പ്രയോഗം ഉണ്ടാകൂ. പൊലീസുകാരുടെ രക്ഷക്കായി ഷീല്‍ഡ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചും സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കണ്ണൂര്‍ റേഞ്ച് ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലാണ് പരിഷ്‌കരണം നടപ്പിലാക്കിയത്.