കാസർകോട്: ബൈക്കിൽ ഒറ്റയ്‌ക്ക് യാത്ര. കറങ്ങിയത് രാജ്യം മുഴുവനും നേപ്പാളും മ്യാന്മറും. കുട്ടിക്കാലം മുതലുള്ള യാത്രാസ്വപ്‌നത്തിന് ചിറകുവിരിച്ച് പറക്കുകയാണ് കാസർകോട് കുമ്പള സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി അമൃത ജോഷി എന്ന റൈഡർ അമൃത. കേരളത്തിൽ നിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒറ്റയ്‌ക്ക് ബൈക്കിൽ യാത്ര ചെയ്‌ത ഏറ്റവും പ്രായം കുറഞ്ഞ സ്‌ത്രീയും അമൃതയാണ്.
ബൈക്കുകളും ദീർഘദൂര ബൈക്ക് യാത്രയും കുട്ടിക്കാലം മുതല്‍ അമൃത ജോഷിയുടെ ക്രെയ്‌സാണ്. പിതാവ് അശോക് ജോഷിയുടെ സ്വപ്‌നമായിരുന്നു മകൾ റൈഡർ ആകുക എന്നത്. രണ്ട് വർഷം മുമ്പ് അച്ഛൻ മരിച്ചെങ്കിലും മകൾ ആ സ്വപ്‌നം സാക്ഷാത്‌കരിച്ചു.
സ്‌കൂൾ മൈതാനമായിരുന്നു ബൈക്ക് സവാരിയുടെ കളരി. പതിനെട്ടാം വയസിൽ ലൈസൻസ് കിട്ടിയപ്പോൾ മനസ് മുഴുവൻ യാത്രയായിരുന്നു മനസിലെന്ന് അമൃത പറയുന്നു. അന്ന് മുതലെയുള്ള മോഹമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബൈക്കിലേറി ഒറ്റക്കൊരു യാത്ര.
കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്. ഉത്തർപ്രദേശിൽ നിന്നും അപകടത്തിൽപ്പെട്ടു 10 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. പ്രിയപ്പെട്ട കെടിഎം ഡ്യൂക്ക് 200 ബൈക്കും തകർന്നു.
യാത്ര മുടങ്ങുമോ എന്ന ആശങ്കയുണ്ടായെങ്കിലും അമ്മ ആത്മവിശ്വാസം നൽകിയപ്പോൾ യാത്ര തുടരാൻ തീരുമാനിച്ചു. പുതിയ ബൈക്ക് എടുത്ത് അപകടം പറ്റിയ സ്ഥലത്ത് നിന്നും വീണ്ടും യാത്ര ആരംഭിച്ചു.
സിക്കിമിന്‍റെയും, അസമിന്‍റെയും, മേഘാലയയുടെയും, മണിപ്പൂരിന്‍റെയും, കശ്‌മീരിന്‍റെയും ഗ്രാമങ്ങളിലൂടെ സൗന്ദര്യം ആസ്വദിച്ചായിരുന്നു യാത്ര.
രാവിലെ ആറ് മണിക്ക് തുടങ്ങിയാൽ വൈകിട്ട് ആറ് മണിക്ക് യാത്ര അവസാനിപ്പിക്കും. ഒറ്റക്കാണ് യാത്ര എങ്കിലും ഇതുവരെയും ദുരനുഭവങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അമൃത പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തങ്ങളെ പോലുള്ളവരെ അതിഥികളായാണ് സ്വീകരിക്കുന്നത്.
ഗ്രാമീണ ജനതയ്‌ക്കുള്ള നിമിഷങ്ങൾ മറക്കാൻ പറ്റാത്തതാണെന്നും ജീവിതാവസാനം വരെ യാത്ര ചെയ്യാനാണ് ആഗ്രഹമെന്നും അമൃത പറയുന്നു. ഇനി ലക്ഷ്യം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഓസ്‌ട്രേലിയയാണ്. അതിനുള്ള ഒരുക്കത്തിലാണ് അമൃതയിപ്പോൾ. അന്നപൂർണയാണ് മാതാവ്. അപൂർവ, അജയ് എന്നിവർ സഹോദരങ്ങളാണ്.