കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ സഹായിച്ച ആളാണ് അറസ്റ്റിലായ രഞ്ജിത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫെബ്രുവരി പതിനേഴിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ള സംഘത്തെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അടക്കം ഏഴ് പേർ പ്രതികളായ ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി യുവാക്കളുടെ വീട്ടുകാരും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് ഇരകളുടെ കുടുംബം രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം കേരള സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിന്‍റെ ഭാഗമായി അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ നിയമപരമായ എല്ലാ സഹായങ്ങളും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി.