ബഹുഭാഷാ കവിയും വിവര്‍ത്തകനുമായി ടി. ഉബൈദിന്‍റെനാമഥേയത്തിലുള്ള വായനശാലയോട് മുഖം തിരിച്ച് കാസര്‍കോട് നഗരസഭ. തളങ്കര തെരുവത്ത് സ്ഥാപിച്ച ലൈബ്രറിയില്‍ വൈദ്യുതി മുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇത് പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പൊടിയും മാറാലകളും നിറഞ്ഞ അവസ്ഥയിലാണ് ലൈബ്രറിയുടെ അകത്തളം. ഒന്നിലധികം ഭാഷകളില്‍ രചനകള്‍ നടത്തിയ കാസര്‍കോടിന്‍റെസ്വന്തം കവിയോടുള്ള ആദരസൂചകമായാണ് ലൈബ്രറി തുടങ്ങിയെങ്കിലും ഇത് സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് കെട്ടിടത്തിന്‍റെഇന്നത്തെ അവസ്ഥ. ലൈബ്രറിയുടെ ചുമതലക്കാരായ കാസര്‍കോട് നഗരസഭ അധികൃതര്‍ തന്നെ വായനക്കാരെ ഇവിടെ നിന്നും അകറ്റുകയാണ്. ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നതോടെ വായനക്കാരും ഇവിടെ വരാതായി. ഏകദേശം പത്ത് വര്‍ഷത്തോളമായി പുസ്തകങ്ങളിരിക്കുന്ന അലമാര തുറന്ന് കൊടുക്കുന്നില്ലെന്നും പരിസരവാസികള്‍ പറയുന്നു.
അതേ സമയം വൈദ്യുതി ബില്ല് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് നഗരസഭ നല്‍കുന്ന വിശദീകരണം. പഴകിയ കെട്ടിടത്തില്‍ നിന്നും ലൈബ്രറി മാറ്റി സ്ഥാപിക്കാനും നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് കമ്പികൾ പുറത്ത് വന്ന സ്ഥിതിയിലാണ്. വായനശാലയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് സാംസ്‌കാരികകൂട്ടായ്മകള്‍ ആവശ്യപ്പെടുന്നുണ്ട്.