കാസർകോട്: ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തുടര്‍ച്ചയായി വീഴ്‌ച വരുത്തിയതായി കണ്ടെത്തിയ കെആര്‍എഫ്ബി (കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്‌ട്) എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്‌തു. കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെയാണ് സസ്പെന്‍ഡ് ചെയ്‌തത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ സീനത്ത് ബീഗം വീഴ്‌ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജോലിയില്‍ പുലര്‍ത്തുന്ന നിരന്തരമായ വീഴ്‌ചകള്‍ കാസര്‍കോട് ഡിവിഷനിലെ കെആര്‍എഫ്ബി പ്രവൃത്തികളുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്ന കാര്യം നേരിട്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു.
എക്‌സിക്യൂട്ടിവ് എൻജിനീയർ എന്ന നിലയിൽ വഹിക്കേണ്ട മേൽനോട്ട ചുമതലകൾ നിർവഹിക്കാതിരിക്കുക, പ്രൊജക്‌ട് ഡയറക്‌ടറുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുക, ഓഫിസിൽ തുടർച്ചയായി ഹാജരാകാതിരിക്കുക, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്ന നിലയില്‍ വഹിക്കേണ്ട മേല്‍നോട്ട ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുക തുടങ്ങി നിരവധി വീഴ്‌ചകളാണ് സീനത്ത് ബീഗത്തിനെതിരെ കെആര്‍എഫ്ബി ചീഫ് എന്‍ജിനീയര്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്‌തുള്ള നടപടി.
പൊതുമരാമത്ത് വകുപ്പിൽ കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.