കാസർകോട് : തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ചു ദിവസം മഴ ലഭിക്കുമെങ്കിലും വടക്കൻ കേരളത്തിൽ വേനൽ മഴ വൈകും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഈമാസം 18 ശേഷം മാത്രമേ മഴ ലഭിക്കുകയുള്ളു. അതും നേരിയ മഴക്കാണ് സാധ്യത എന്നും മലയോര പ്രദേശങ്ങളിലാണ് മഴ കൂടുതല്‍ ലഭിക്കുക എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എന്നാൽ മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിൽ നാളെ (15.03.23) മുതൽ ഈമാസം 18 വരെ തുടർച്ചയായി മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ തന്നെ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്. വയനാട്ടിൽ നാളെയും മറ്റന്നാളും മഴ ലഭിക്കും. നേരിയ, മിതമായ മഴയാണ് ലഭിക്കുകയെന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
അതേ സമയം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.
ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും നിർദേശമുണ്ട്.