കാസർകോട്: ഫിക്ഷനുകളേക്കാൾ മായികമായിരിക്കും ചിലപ്പോൾ ജീവിതം. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് എന്ന ബാവയുടെ ജീവിതം അങ്ങനെയൊന്നാണ്. മൂക്കോളം മുങ്ങി കടംകയറി, ആകെയുള്ള സമ്പാദ്യമായ വീട് വിൽക്കാനൊരുങ്ങുമ്പോൾ ബാവ ഒരിക്കലും കരുതിക്കാണില്ല ഈ ട്വിസ്റ്റ്.
50 ലക്ഷത്തോളം രൂപയുടെ കടബാധ്യത തീർക്കാനാണ് ബാവ വീടുവിൽക്കാൻ തീരുമാനിച്ചത്. ഞായറാഴ്‌ച വൈകിട്ട് വീടിന് ടോക്കൺ അഡ്വാൻസ് വാങ്ങാനിരിക്കെ, ഭാഗ്യപരീക്ഷണത്തിനായി അന്നേദിവസം ഉച്ചയ്ക്ക് സംസ്ഥാന സർക്കാരിന്‍റെ 50-50 ലോട്ടറി എടുത്തു. നറുക്കെടുപ്പിനുള്ള സമയം തീരാൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ബാവ ഭാഗ്യം പരീക്ഷിച്ചത്.
എല്ലാം നഷ്‌ടപ്പെടുമെന്ന് ഉറപ്പായപ്പോൾ ബാവയെ തേടിയെത്തിയത് അരമണിക്കൂർ മുൻപ് മാത്രം എടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ. വീട് വിറ്റ് വാടകവീട്ടിലേക്ക് മാറാനിരുന്ന ബാവയ്ക്കും ഭാര്യയ്ക്കും അഞ്ച് മക്കൾക്കും അത് നല്‍കിയ ആശ്വാസം ചെറുതല്ല. മകൻ കഴിഞ്ഞ ദിവസമാണ് വിദേശത്തേക്ക് പോയത്.
രണ്ട് പെൺമക്കളുടെ വിവാഹത്തോടെ കടബാധ്യതയായി. സ്ഥലം ബ്രോക്കറായിരുന്ന ബാവയ്ക്ക് കൊവിഡിനെ തുടർന്ന് ആ നിലയ്ക്കുള്ള വരുമാനവും കുറഞ്ഞു. ബാങ്കിൽ നിന്ന് വായ്‌പയെടുത്ത പണം തിരിച്ചടക്കാൻ കഴിയാതെ വന്നതോടെയാണ് വീട് വിൽക്കാൻ തീരുമാനിച്ചത്. ഹൊസങ്കടിയിലെ എം.ആർ രാജേഷിന്‍റെ സ്റ്റാളിൽ നിന്നാണ് 50 രൂപ നൽകി ടിക്കറ്റ് എടുത്തത്.
രാജേഷ് തന്നെയാണ് ലോട്ടറിയടിച്ച വിവരം വിളിച്ചുപറഞ്ഞത്. ലോട്ടറി ടിക്കറ്റ് മഞ്ചേശ്വരം ഗേറുക്കട്ട കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജർക്ക് കൈമാറി. കടംവീട്ടി മിച്ചം വരുന്ന പൈസ തന്നെ പോലെ വിഷമതകൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഉപയോഗിക്കാനാണ് മുഹമ്മദിന്‍റെ തീരുമാനം.