കാസര്‍കോട്: കൊട്ടിയടക്കപ്പെട്ട അതിർത്തികൾ എപ്പോൾ തുറക്കുമെന്ന ആശങ്കയിലാണ് കേരള- കർണാടക അതിർത്തിയിലെ ജനങ്ങൾ. ചികിത്സാ ആവശ്യങ്ങൾക്ക് പോലും പ്രവേശനം നിഷേധിക്കുമ്പോൾ അതിർത്തി മേഖലയിലുള്ളവരുടെ ആധിയേറുകയാണ്. വിദഗ്‌ധ ചികിത്സകൾക്കായി മംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ സാധിക്കാതെ ഏഴ് പേരുടെ ജീവനുകളാണ് ഇതിനകം നഷ്‌ടമായത്. സ്ത്രീ ഉൾപ്പെടെ രണ്ട് പേര്‍ക്കാണ് വിദഗ്‌ധ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് മാത്രം ജീവന്‍ നഷ്‌ടപ്പെട്ടത്. മഞ്ചേശ്വരം സ്വദേശിയായ ശ്രീധർ തലപ്പാടിയിൽ വെച്ചും തുമിനാട് സ്വദേശിയായ ബേബി കുമ്പള സഹകരണാശുപത്രിയിലും വെച്ചുമാണ് മരിച്ചത്.
വൃക്ക, ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളവരാണ് ഏറെയും പ്രയാസമനുഭവിക്കുന്നത്. അതിർത്തി മേഖലയിലുള്ളവർ വിദഗ്‌ധ ചികിത്സക്കായി ആശ്രയിക്കുന്നത് ഏറ്റവുമടുത്ത നഗരമായ മംഗളൂരുവിനെയാണ്. കണ്ണൂർ മെഡിക്കൽ കോളജിലേക്ക് ഇവിടങ്ങളിൽ നിന്നുമെത്താൻ എടുക്കുന്നതിന്‍റെ പകുതി സമയം കൊണ്ട് മംഗളൂരുവിലെ ദേർലക്കട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മെഡിക്കൽ കോളജുകളിലേക്കെത്താൻ സാധിക്കുമെന്നതിനാലാണ് ഇവിടുത്തുകാരെ അതിർത്തിക്കപ്പുറത്തേക്ക് ചികിത്സ തേടി പോകാന്‍ പ്രേരിപ്പിക്കുന്നത്.