കാസർകോട്: 30000 കടന്ന് കേരള കേന്ദ്ര സര്‍വകലാശാല ലാബിലെ കൊവിഡ് പരിശോധന. സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളികുലര്‍ ബയോളജി ലാബിലാണ് ജില്ലയില്‍ നിന്നും ശേഖരിക്കുന്ന മുഴുവന്‍ സ്രവവും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. കൊവിഡ് പരിശോധന നടത്തുന്നതിന് ഐസിഎംആറിന്‍റെ അംഗീകാരം ലഭിച്ച രാജ്യത്തെ ആദ്യ സര്‍വകലാശാല ലാബാണ് കേരള കേന്ദ്ര സര്‍വകലാശാലയിലേത്. രാജ്യത്താദ്യമായി കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഘട്ടം മുതല്‍ തന്നെ സര്‍വകലാശാല ലാബിനോട് ചേര്‍ന്ന് വൈറോളജി ലാബും സ്ഥാപിച്ചിരുന്നു.
ഐസിഎംആറിന്‍റെ അനുമതി കിട്ടിയതോടെയാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അതുവരെ ആലപ്പുഴയിലെ വൈറോളജി ലാബിനെയായിരുന്നു ജില്ലയില്‍ നിന്നുള്ള സ്രവ പരിശോധനക്ക് ആശ്രയിച്ചിരുന്നത്. ജില്ലയില്‍ തന്നെ പരിശോധനാ സൗകര്യം വന്നതോടെ വേഗത്തില്‍ ഫലം ലഭിക്കുന്നതിനും സഹായകമായി. ഏഴ് ഗവേഷകരും 13 ടെക്‌നീഷ്യന്‍മാരും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ലാബില്‍ പ്രവര്‍ത്തിക്കുന്നത്. കാമ്പസിനോട് ചേര്‍ന്ന് സ്ഥിരം വൈറോളജി ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കിടേശ്വരലു, മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചിരുന്നു. സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളികുലാര്‍ ബയോളജി മേധാവി ഡോ.രാജേന്ദ്രന്‍ പിലാങ്കട്ടക്കാണ് ലാബിന്‍റെ ചുമതല.