കാസർകോട്: കശ്‍മീരിന്‍റെ മണ്ണിൽ നിന്നും കേരളത്തിലെത്തി കലോത്സവ മത്സരങ്ങളുടെ ഭാഗമാവുകയാണ് രണ്ട് വിദ്യാർഥികൾ. കലോൽത്സവങ്ങളിൽ നിറയുന്ന വർണങ്ങളെക്കാൾ കേരളത്തിലെ മതസൗഹാര്‍ദമാണ് ഇവരെ മോഹിപ്പിക്കുന്നത്. കശ്‍മീരിലെ പൂഞ്ചിൽ നിന്ന് എട്ട് വർഷം മുമ്പാണ് മഹമൂദ് അഹമ്മദും അസ്‌റാർ അഹമ്മദും കേരളത്തിൽ എത്തുന്നത്. കേരളത്തിലെ സാമൂഹികാന്തരീക്ഷവും വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യവും വളരെ വലുതാണെന്നും അതുകൊണ്ട് തന്നെ ഇനിയുള്ള ജീവിതം കേരളത്തിൽ മതിയെന്നുമാണ് ഇവരുടെ തീരുമാനം.
ഹൈസ്‌കൂള്‍ വിഭാഗത്തിൽ നിന്നും അസ്‌റാർ അഹമ്മദും ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും മഹമൂദ് അഹമ്മദുമാണ് മത്സരിച്ചത്. മത്സരിച്ച ഉറുദു കവിത രചനയിലും ഉറുദു പ്രസംഗത്തിലും എ ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. കോഴിക്കോട് മർകസിൽ പഠിക്കുന്ന ഇവർ അഞ്ചാം വർഷമാണ് കലോത്സവത്തിനെത്തുന്നത്. വിദ്യാർഥികളുടെ കഴിവ് തെളിയിക്കുന്ന ഇത്തരം കലാ പരിപാടികൾ കശ്‌മീരില്‍ ഇല്ലെന്നും കേരള സംസ്ഥാന കലോത്സവം എന്നും വിസ്‌മയമാണെന്നും ഇവര്‍ പറയുന്നു.