കാസർകോട്: സംസ്ഥാന ബജറ്റിലെ നികുതി വർധനക്കെതിരെ കാസർകോട് കലക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ ജലപീരങ്കിയും ഉന്തും തള്ളും. കലക്‌ടറേറ്റിനു മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിച്ചത്തോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ തിരിയുകയായിരുന്നു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ലക്ഷണമൊത്ത കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്രയും വലിയ കൊള്ള നടക്കുമ്പോഴും ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും ക്വാറന്‍റൈനിൽ ആണെന്ന് ഫിറോസ് ആക്ഷേപിച്ചു. 'എല്ലാത്തിനും വില കൂട്ടിയിരിക്കുകയാണ്. കേന്ദ്രം പറയുന്നത് ഇന്ധന വില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണ് എന്നാണ്. പിണറായി പറയുന്നത് പെൻഷൻ കൊടുക്കാനാണ് എന്നാണ്. എവിടെയാണ് പെൻഷൻ കൊടുക്കുന്നത്. ഒരു രൂപ കൂട്ടിയില്ലല്ലോ. പാവങ്ങളുടെ പേര് പറഞ്ഞു പറ്റിക്കുകയാണ്. ലൈഫ് പദ്ധതിയുടെ പേരിൽ അഴിമതി നടത്തി. ശിവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുന്നു. എത്ര പാവങ്ങളുടെ ലൈഫാണ് ഇവർ കളഞ്ഞു കുളിച്ചത്. പ്രതിപക്ഷത്തിന്‍റെ ആരോപണം സത്യമാണ് എന്ന് ഇതോടെ തെളിയുകയാണ്,' പി.കെ ഫിറോസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചിന്തയ്ക്ക് കൊടുക്കാൻ പണമുണ്ട്. മുഖ്യമന്ത്രിയുടെ ക്ലിഫ്‌ഹൗസിൽ കന്നു കാലികൾക്ക് പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം ഉണ്ടാക്കാൻ കൈയില്‍ പണമുണ്ട്. സ്വിമ്മിങ് പൂളിന് ചിലവാക്കാൻ പണമുണ്ട്. ഇതിനു പണം അനുവദിച്ചത് പൊതുമരാമത്ത് വകുപ്പാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തറവാട്ട് സ്വത്തല്ല ഈ പണമെന്നു ഓർമപ്പെടുത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. വിദ്യാനഗറിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.