കാസർകോട് : ഉപ്പളയിൽ വ്യാജമദ്യവുമായി എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘത്തിന്‍റെ കാർ എക്സൈസ് ജീപ്പിലിടിച്ചു. സംഭവത്തില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കും, പ്രതികളിലൊരാൾക്കും പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബെന്തിയോട് സ്വദേശികളായ രജിൻ കുമാർ, രക്ഷിത്ത് എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കാറിൽ നിന്ന് 103 ലിറ്റർ കർണാടക മദ്യവും കണ്ടെത്തിയിട്ടുണ്ട്. എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ കാറിൽ കർണാടക മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഉപ്പളയിൽ പരിശോധന നടത്തിയത്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടെയാണ് യുവാക്കൾ കാറിൽ മദ്യവുമായി സ്ഥലത്തെത്തിയത്. എക്സൈസ് സംഘത്തെ കണ്ടയുടൻ ഇവർ കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
അമിതവേഗത്തിൽ ഓടിച്ച കാറിന് കുറുകെ ജീപ്പ് നിർത്താൻ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘം എക്സൈസ് വാഹനം ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് ഭാഗികമായി തകർന്നു. ജീപ്പിലുണ്ടായിരുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ജോയ് ജോസഫ്, പ്രിവന്‍റീവ് ഓഫീസർ ദിവാകരൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.