കാസർകോട്: പ്രകൃതി കനിഞ്ഞരുളിയ മലയോര മണ്ണ്. നട്ടുച്ചയ്ക്കും കോടയിറങ്ങുന്ന മാടത്തുമല. കന്യാമറിയത്തിന്‍റെ ഓർമയ്ക്കായി പഴയ മാടത്തുമലയുടെ പേര് മാറ്റിയപ്പോൾ അത് റാണിപുരമായി. കാടും കിളികളും അരുവിയും ചേരുന്ന സ്വർഗഭൂമി.
കാസർകോട് ജില്ലയിലെ പാണത്തൂരില്‍ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാല്‍ റാണി പുരത്തെത്താം. അതില്‍ രണ്ടര കിലോമീറ്റർ കാനന പാതയാണ്. സമുദ്രനിരപ്പിൽ നിന്ന് 1,048 മീറ്റർ ഉയരമുള്ള റാണിപുരം മലനിരകൾ, വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.
കുടിയേറ്റ ജനതയുടെ അശ്രാന്തപരിശ്രമത്താല്‍ പൊന്നുവിളയുന്ന മണ്ണില്‍ വിനോദ സഞ്ചാരത്തിന് അനന്ത സാധ്യതകളുണ്ട്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് റാണിപുരത്തെത്ത് എത്തുന്ന സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. റാണിപുരത്തിന് അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടക്, കുശാൽ നഗർ, മൈസൂർ എന്നി പ്രദേശങ്ങൾ ചേർത്ത് ടൂറിസം സർക്യൂട്ടിനും സാധ്യതയേറെയാണ്.