കാസർകോട്: ബളാലിൽ സഹോദരിയെ കൊലപ്പെടുത്തിയ സഹോദരൻ മുൻപും കൊലപാതക ശ്രമം നടത്തി. കോഴി കറിയിൽ എലി വിഷം കലർത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടപ്പോഴാണ് ഐസ്ക്രീമിൽ കൂടിയ അളവിൽ വിഷം ചേർത്ത് നൽകിയത്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സഹോദരി ആൻ മേരി മരണപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയായ സഹോദരൻ ആൽബിൻ ബെന്നിയുടെ ക്രൂരതയുടെ മുഖം പുറത്തു വരുന്നത്. സഹോദരി ആന്മേരി മരണപ്പെട്ട ശേഷം സഹോദരനായ ആൽബിൻ ബെന്നിയുടെ പെരുമാറ്റത്തിലും ഇടപെടലിലുമുണ്ടായ പൊലീസിന്‍റെ സംശയത്തെ തുടർന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
വീട്ടുകാരെ ഒന്നാകെ കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമെന്നും തന്നിഷ്ടപ്രകാരം ജീവിക്കാൻ ആയിരുന്നു ക്രൂരകൃത്യം നടത്തിയത് എന്നുമാണ് ആൽബിൻ മൊഴി നൽകിയത്. നേരത്തെ കോഴിക്കറിയിൽ വീട്ടിൽ ഉണ്ടായിരുന്ന എലിവിഷം ചേർത്തെങ്കിലും ആർക്കും ഒന്നും സംഭവിച്ചില്ല. തുടർന്നു ഇന്‍റര്‍നെറ്റ് സഹായത്തോടെ എത്ര അളവിൽ വിഷം ചേർക്കണമെന്ന് മനസിലാക്കിയാണ് കൃത്യം നടത്തിയത്. ഒരാഴ്ച്ച കഴിഞ്ഞ് ജൂലൈ 29നാണ് വെള്ളരിക്കുണ്ട് ടൗണിലെ കടയിൽ നിന്നും എലിവിഷം വാങ്ങിയത്. വീട്ടിൽ എത്തി കിടപ്പുമുറിയിലാണ് വിഷം സൂക്ഷിച്ചത്. അടുത്ത ദിവസം ഐസ് ക്രീം ഉണ്ടാക്കാമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ തങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് ഐസ് ക്രീം ഉണ്ടാകുന്നതെന്ന് വീട്ടുകാർ അറിഞ്ഞില്ല. രണ്ടു പാത്രങ്ങളിലായി ഐസ് ക്രീം ഉണ്ടാക്കി. ഒരെണ്ണം ഫ്രിഡ്ജിൽ ഫ്രീസിറിൽ വച്ചു. മറ്റൊരു പാത്രം പുറത്തായിരുന്നു. ഇതിലാണ് തന്‍റെ കൈയിലെ എലിവിഷത്തിന്‍റെ പകുതിയും ചേർത്തത്. ഫ്രീസറിൽ സൂക്ഷിച്ച ഐസ് ക്രീം പകുതി തീർന്നപ്പോൾ തണുത്തുറക്കാനായി പുറത്തുള്ള ഐസ് ക്രീമും ഒന്നിച്ചു ചേർത്തു. രാത്രി ഭക്ഷണത്തിന് ശേഷം പിതാവ് ബെന്നിയും സഹോദരി ആൻ മേരിയും വീണ്ടും ഐസ് ക്രീം കഴിച്ചു. തൊണ്ട വേദനയാണെന്ന കാരണം പറഞ്ഞു ആൽബിൻ കഴിച്ചതുമില്ല. അമ്മ പിറ്റേന്നാണ് ഐസ് ക്രീം കഴിച്ചത്.
എലി വിഷം ശരീരത്തെ ഏത് വിധേന ബാധിക്കും എന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കുടുംബത്തിന്‍റെ സ്വത്ത് വകകൾ ഒറ്റക്ക് അനുഭവിക്കനായായിരുന്നു ആൽബിൻ ക്രൂര കൃത്യം നടത്തിയത്. ശരീരത്തെയാകെ പതുക്കെ തളർത്താൻ ശേഷിയുള്ളതാണ് എലിവിഷം. ഇപ്രകാരം തന്നെയായിരുന്നു വീട്ടിലെ കുടുംബാംഗങ്ങളുടെ ആരോഗ്യ സ്ഥിതിയും. ഛര്‍ദിലിനും വയറിളക്കത്തിനും പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ചാണ് ആൻ മേരി മരണപ്പെട്ടത്. മഞ്ഞപ്പിത്തത്തിന് നാട്ടു വൈദ്യം പരീക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആൻ മേരി മരണപ്പെട്ട ശേഷം സാധാരണ പോലെ അന്ത്യ കർമങ്ങളിൽ പങ്കെടുത്ത ആൽബിൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന പിതാവ് ബെന്നിയെ കാണാനുമെത്തിയിരുന്നു.
കിഡ്‌നി പ്രവർത്തന രഹിതമായ നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ബെന്നിയെ പയ്യന്നൂരിലേക്ക് മാറ്റി. കുറഞ്ഞ അളവിൽ മാത്രം ഐസ് ക്രീം കഴിച്ച മാതാവ് ബെസി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇതിനിടെ തനിക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പറഞ്ഞതിനാൽ ആല്‍ബിനെയും പരിശോധനക്ക് വിധേയനാക്കിയെങ്കിലും ശരീരത്തിൽ വിഷാംശം കണ്ടെത്തിയില്ല. ഇതോടെയാണ് ആല്‍ബിന് മേല്‍ പൊലീസിന്‍റെ സംശയം ബലപ്പെട്ടതും കസ്റ്റഡിയിൽ എടുക്കുന്നതും. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ആല്‍ബിന്‍റെ കുറ്റസമ്മതം. വിദഗ്ദമായി കുടുംബാംഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ക്രൂരത വെളിപെട്ട വിവരങ്ങൾ അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാട്.