കാസർകോട്: ജില്ലയില്‍ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടും നഗരത്തിലെ സർക്കാർ വിദ്യാലയം അസൗകര്യങ്ങളില്‍ വീർപ്പുമുട്ടുകയാണ്. കൊവിഡ് ഇളവുകളില്‍ അധ്യയനം തുടങ്ങിയാലും മുൻവർഷത്തെ പോലെ അസംബ്ലി ഹാളിലും ലാബിലുമൊക്കെയായി ക്ലാസുകൾ നടത്തേണ്ട അവസ്ഥയിലാണ് ഗവൺമെന്‍റ് ടൗൺ യു.പി സ്‌കൂൾ അധികൃതർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 13 മലയാളം ഡിവിഷനും ഏഴ് കന്നഡ ഡിവിഷനുമാണ് ഇവിടെയുള്ളത്.
യുപി വിഭാഗത്തിൽ 197 കുട്ടികളും എൽപി വിഭാഗത്തില്‍ 218 കുട്ടികളും നിലവിലുണ്ട്. ഇത്തവണ നൂറിധികം കുട്ടികൾ ഇവിടെ പ്രവേശനം നേടി. ഇതിന് പുറമെ പിടിഎയുടെ മേൽനോട്ടത്തിൽ 101 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു. കുട്ടികളുടെ എണ്ണം കൂടിയിട്ടും ബ്രിട്ടീഷുകാരുടെ കാലത്തടക്കം നിർമിച്ച കെട്ടിടങ്ങളിലെ ക്ലാസ് മുറികൾ മാത്രമേ ഇവിടെയുള്ളൂ. നാല് ക്ലാസ് മുറിയെങ്കിലും പുതുതായി അനുവദിച്ചാൽ മാത്രമേ അധ്യയന വർഷം സുഗമമാക്കാൻ സാധിക്കൂ. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 15 ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന മൂന്ന് നില കെട്ടിടത്തിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നെങ്കിലും കെട്ടിടം നിർമാണത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല.