കാസർകോട്: ഒറിജിനലിനെ വെല്ലുന്ന കുഞ്ഞൻ മാതൃകകൾ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് കാസർകോട് കോളിയടുക്കത്തെ ഗിരീഷ്. കരകൗശലവസ്‌തുക്കളോടുള്ള താൽപര്യത്തിൽ തീർത്ത ഗിരീഷിന്‍റെ നിർമ്മിതികൾ അതിന്‍റെ പൂർണതകൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കെ.എസ്.ആർ.ടി.സി ബസ്, ലോറി, ജീപ്പ് തുടങ്ങിയവയുടെ ചെറു പതിപ്പുകളെല്ലാം ഒറിജിനലിനോട് അത്രയേറെ സാമ്യതകളുള്ളതാണ്.ചെറുപ്പം മുതൽ വരച്ചു തുടങ്ങിയ ഗിരീഷ് ഗ്രാഫിക് ഡിസൈനറായാണ് ജോലി നോക്കുന്നത്. ജോലിയുടെ ഇടവേളകളിൽ മുളകൾ കൊണ്ടുള്ള വസ്‌തുക്കളും നിർമ്മിച്ചിരുന്നു. കൊവിഡ് കാലം വീട്ടിൽ ലോക്കായപ്പോഴാണ് വാഹനങ്ങളുടെ കുഞ്ഞൻ മാതൃകകളിൽ ഒരു കൈ നോക്കിയത്. സ്‌ഫടികം സിനിമയിലെ ചെകുത്താൻ ലോറിയോടുള്ള ഇഷ്‌ടം കാരണം ആദ്യം പൂർത്തിയാക്കിയത് ലോറി മാതൃക. പിന്നാലെ ആനവണ്ടിയും തയാറായി.
സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ട ഫോട്ടോകൾ സ്വീകാര്യത നേടിയതോടെയാണ് ഈ മേഖലയിലേക്ക് ഗിരീഷ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ഗിരീഷ് നിർമ്മിച്ച മാതൃകകൾ ഫേസ് ബുക്കിൽ കണ്ടതോടെ ഇതിന് ആവശ്യക്കാരുമായി. പിന്നീട് ഓർഡർ ലഭിച്ചതിനനുസരിച്ചാണ് മഹേന്ദ്ര താർ, കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകളുടെ കുഞ്ഞൻ രൂപങ്ങളും നിർമ്മിച്ചത്. ഫോം ഷീറ്റും, പെയിന്‍റിനും മാത്രമേ ഈ നിർമ്മിതികൾക്കായി ഗിരീഷ് പണം മുടക്കാറുള്ളൂ. ബാക്കിയെല്ലാം വീട്ടുപരിസരങ്ങളിൽ നിന്നും ലഭിച്ച പാഴ് വസ്‌തുക്കളാണ് ഈ കലാകാരൻ ഉപയോഗപ്പെടുത്തുന്നത്. ഈ കുഞ്ഞൻ മാതൃകകൾ വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഗിരീഷിന്‍റെ തീരുമാനം.