കാസർകോട്: ഉറങ്ങുന്നതും പാചകം ചെയ്യുന്നതും ഒറ്റമുറിയിൽ.. മഴവന്നാൽ ചോന്നൊലിക്കുന്ന കൂര.. ശുചി മുറിയില്ല, കുടിവെള്ളവും കിട്ടാനില്ല... കഴിഞ്ഞ 30 വർഷമായി ദുരിത ജീവിതം നയിക്കുകയാണ് മറിയുമ്മ. ഭർത്താവും നാലു മക്കളും മരിച്ചു. ഇപ്പോൾ ഒറ്റയ്ക്കാണ് ജീവിതം.
മറിയുമ്മ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതംപേറി ജീവിക്കുകയാണ് കാസർകോട് കുണ്ടങ്ങാരടുക്ക രാജീവ് ഗാന്ധി കോളനിയിലെ 15 കുടുംബങ്ങൾ. മുപ്പത് വർഷം മുമ്പ് ലഭിച്ച പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി വീടുകളിൽ നിന്നും മികച്ച സൗകര്യത്തിലേക്ക് മാറാൻ ഇവർ കയറി ഇറങ്ങാത്ത സർക്കാർ ഓഫിസുകളുമില്ല. പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് ഈ കോളനിയിലെ അറുപതിൽപരം ആളുകൾ.
മൂന്ന് കുടുംബങ്ങൾക്ക് മാത്രമാണ് ലൈഫ് മിഷനിലൂടെ വീട് ലഭിച്ചത്. മറ്റുള്ളവർ അപേക്ഷ നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കുടിവെള്ളത്തിനാണെങ്കിൽ കിലോമീറ്റർ സഞ്ചരിക്കണം. വർഷങ്ങൾക്ക് മുമ്പ് കുടുംബങ്ങളിൽ നിന്നും 4000 രൂപ വാങ്ങി അധികൃതർ പൈപ്പ് സ്ഥാപിച്ചുവെങ്കിലും ഒരിക്കൽ അല്ലാതെ പിന്നീട് അതിൽ വെള്ളം വന്നിട്ടില്ല. ദുരിതക്കയത്തിലും നാളെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുകയാണ് ഇവിടെയുള്ള കുറെ മനുഷ്യർ.