കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ ശ്രദ്ധ പതിയുക പന്തലിലാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവത്തിന്റെ പ്രധാന വേദി തയാറാകുന്നത്. ആറായിരം പേരെ ഉള്‍ക്കൊള്ളുന്നതാണ് ഐങ്ങോത്ത് സ്ഥാപിക്കുന്ന പ്രധാന വേദി. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കലോത്സവത്തിന് പന്തലൊരുക്കുന്ന ചെറുതുരുത്തിയിലെ ഉമ്മര്‍ തന്നെയാണ് കാഞ്ഞങ്ങാടും വേദികളൊരുക്കുന്നത്. 45,000 ചതുരശ്രയടിയിലുള്ള പ്രധാന വേദിയുള്‍പ്പെടെ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കലോത്സവത്തിനായി കാഞ്ഞങ്ങാട് വേദികള്‍ ഒരുങ്ങുന്നത്.
ഇത്തവണത്തെ പന്തലിനും പ്രത്യേകതയുണ്ട്. കാലം തെറ്റിപ്പെയ്യുന്ന മഴയെ തുടര്‍ന്ന് തകരഷീറ്റിലാണ് പ്രധാന വേദിയുള്‍പ്പടെ നിര്‍മ്മിക്കുന്നത്. ഓല മേഞ്ഞ മേല്‍പ്പുരയില്‍ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന കലാസൃഷ്ടികളടക്കം പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള പരമ്പരാഗത ശൈലിക്ക് പകരം തകരഷീറ്റാണ് പാകുന്നത്. 1991 ല്‍ ആദ്യമായി കലാമാമാങ്കത്തിന് കാസര്‍കോഡ് വേദിയായപ്പോള്‍ അഞ്ചുവേദികളിലായിരുന്നു മത്സരം. 28 വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പത് വേദികളാണ് കലോത്സവത്തിനായി തയാറാകുന്നത്. ഇരുപത്തിയഞ്ചിന് മുഴുവന്‍ വേദികളും സംഘാടകര്‍ക്ക് കൈമാറും.