കാസര്‍കോട് : കാസര്‍കോട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പോത്തംകണ്ടം പാലത്തിലൂടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ദുരിതയാത്ര. അപകടാവസ്ഥയിലായ പഴയ പാലം പൊളിച്ചാണ് പുതിയതിന്‍റെ നിർമാണം ആരംഭിച്ചത്. സമീപത്തെ പുഴയില്‍ മണ്ണിട്ട് ഉയര്‍ത്തിയായിരുന്നു ഇതുവഴി വാഹനങ്ങള്‍ കടന്നുപോയിരുന്നത്.
മഴ കനത്തതോടെ പുഴയിലൂടെയുള്ള വെള്ളത്തിന്‍റെ ഒഴുക്ക് ശക്തിപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി.പോത്തംകണ്ടം ജി.യു.പി സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും ഇതുവഴിയാണ് ദിവസവും കടന്നുപോകുന്നത്.
വാഹനങ്ങളില്‍ പുഴക്കരയിലെത്തുന്ന വിദ്യാര്‍ഥികളെ താത്കാലികമായി നിര്‍മിച്ച നടപ്പാതയിലൂടെയാണ് നിലവില്‍ മറുകരയിലേക്ക് എത്തിക്കുന്നത്. കുട്ടികളെ നടപ്പാലം കടത്താന്‍ രക്ഷിതാക്കളും, നാട്ടുകാരും എല്ലാ ദിവസവും എത്തേണ്ട സ്ഥിതിയാണ്. മഴക്കാലത്തിന് മുന്നോടിയായി വേണ്ടപ്പെട്ട മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
പലകയും കമ്പിയും ഉപയോഗിച്ചാണ് താത്കാലിക നടപ്പാത നിര്‍മിച്ചിരിക്കുന്നത്. ജീവന്‍ പണയംവച്ചാണ് വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ ഇന്ന് നടപ്പാത കടക്കുന്നത്. പേടികാരണം കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞുവിടാന്‍ മടിക്കുന്നതായും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
പെരിങ്ങോം പഞ്ചായത്തും ചീമേനി പഞ്ചായത്തും അതിർത്തി പങ്കിടുന്നതിവിടെയാണ്. ഇവിടുത്തെ ആളുകൾക്ക് ആശുപത്രിയിലേക്കും മറ്റും എത്തിപ്പെടാനുള്ള പ്രധാന പാതകൂടിയാണിത്. ഒരു അപകടത്തിന് കാത്തിരിക്കാതെ പ്രശ്‌നത്തിന് അതിവേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.