കാസര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്താകെ 1,40,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്തുവെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കാസര്‍കോട് ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ഒന്നര ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്നത് ഈ സര്‍ക്കാരിന്‍റെ നിലപാടാണ്. അതു പൂര്‍ത്തീകരിക്കാനുള്ള ഫലത്തായ പ്രവൃത്തികളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ ഇതുവരെയായി 8101 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ പട്ടയമേള വഴിമാത്രം 2044 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. ഇതില്‍ 565 കേരളാ ഭൂമി പതിവ് പട്ടയങ്ങളും 35 മുനിസിപ്പല്‍ പട്ടയങ്ങളും 28 ദേവസ്വം പട്ടയങ്ങളും 36 മിച്ചഭൂമി പട്ടയങ്ങളും 1380 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടുന്നു.