കാസർകോട്: ഓൺലൈൻ പഠനത്തിനുള്ള അവസരം ലഭ്യമാകാതെ വന്നതോടെ ഭാഷാ ന്യൂനപക്ഷ വിദ്യാർഥികൾ ആശങ്കയിൽ. മലയാളം മീഡിയത്തിൽ ഒന്നാം തരം മുതലുള്ളവർക്ക് യൂട്യൂബ് വഴിയും വിക്‌ടേഴ്സ് ചാനൽ വഴിയും പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ തമിഴ്, കന്നഡ ഭാഷകളിലെ വിദ്യാർഥികൾക്ക് എന്ന് ക്ലാസുകൾ ആരംഭിക്കുമെന്നതിൽ വ്യക്തതയില്ല. ട്രയൽ സംപ്രേഷണത്തിന് ശേഷം മലയാളം ക്ലാസുകൾ തുടങ്ങിയപ്പോൾ ഭാഷാന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. കാസർകോട്, കുമ്പള, മഞ്ചേശ്വരം, ബേക്കൽ, ഹൊസ്ദുർഗ് വിദ്യാഭ്യാസ ഉപജില്ലകളിലായി അര ലക്ഷത്തിലേറെ വിദ്യാർഥികളാണ് കന്നഡ മീഡിയത്തിൽ പഠനം നടത്തുന്നത്.
ജൂൺ ഒന്നിന് മലയാളം മാധ്യമത്തിലെ കുട്ടികൾക്ക് മുന്നിലേക്ക് പാഠഭാഗങ്ങളുമായി അധ്യാപകർ എത്തിയപ്പോൾ കന്നഡ വിദ്യാർഥികളും പ്രതീക്ഷയിലായിരുന്നു. എന്നാൽ അധ്യയനം ഒരാഴ്ച പിന്നിടുമ്പോഴും കന്നഡ വിദ്യാർഥികൾക്കുള്ള ഓൺലൈൻ പാഠഭാഗങ്ങൾ തയ്യാറായില്ല. എല്ലാവർക്കും തുല്യ പരിഗണന നൽകി ക്ലാസുകൾ വേണമെന്നാണ് കന്നഡ ഭാഷാ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കൈറ്റിന്‍റെ നേതൃത്വത്തിൽ പത്താം തരത്തിലേക്കുള്ള ചില പാഠഭാഗങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. അപ്പോഴും എൽ.പി, യു.പി കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾക്കായുള്ള പ്രാഥമിക നടപടികൾ പോലുമായിട്ടില്ല. ഇന്‍റർനെറ്റ് സംവിധാനമില്ലാത്ത കുട്ടികൾ ഏറെയുള്ളതിനാൽ നിശ്ചിത സമയം വിക്‌ടേഴ്സ് ചാനൽ വഴിയും കന്നഡ ക്ലാസുകൾ വേണമെന്ന് അധ്യാപകരും ആവശ്യപ്പെടുന്നുണ്ട്.