കാസർകോട്: കേരളത്തിന്‍റെ സ്നേഹ കരുതലില്‍ ജീവിതം പച്ചപിടിപ്പിച്ചവരാണ് അതിഥി തൊഴിലാളികൾ. കൊവിഡ് കാലത്ത് കേരളം നല്‍കിയ കരുതലും സ്നേഹവും അവർ ഒരിക്കലും മറക്കില്ല. സ്വന്തം നാടിനെക്കാൾ സുരക്ഷിതം കേരളമാണെന്ന് പലരും പറഞ്ഞത് ഇതിന് തെളിവാണ്. ഒരു ദിവസത്തെ ജീവിത ചെലവിനായി പണിയെടുക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് മഹാമാരിയില്‍ പകച്ച് നില്‍ക്കുകയാണിന്ന് അതിഥി തൊഴിലാളികള്‍.
കാസർകോട് കാഞ്ഞങ്ങാട്ടെ വാടക വീട്ടില്‍ താമസിക്കുന്ന ഉത്തർപ്രദേശുകാരി പൂജ പ്രതിസന്ധികളുടെ നടുവിലാണിന്ന്. നാളെ എന്തെന്നറിയാതെ ഏഴ് മക്കളെയും ചേര്‍ത്ത്പിടിച്ച് വറുതിയുടെ നിഴലില്‍ നില്‍ക്കുകയാണിവര്‍. ഭർത്താവ് മുകേഷ് സിങ് കരള്‍ രോഗത്തെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് മടങ്ങിയതോടെയാണ് ഇവർക്ക് ദുരിത കാലം ആരംഭിച്ചത്. മാര്‍ബിള്‍ ടൈല്‍സ് മേസ്‌തിരി ആയിരുന്ന ഭർത്താവ് മുകേഷ് സിങിന് കരൾ രോഗം പിടിപ്പെട്ടതോടെയാണ് പറക്കമുറ്റാത്തെ കുഞ്ഞുങ്ങളുള്ള ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്. ഭർത്താവിന്‍റെ ചികിത്സ അടക്കം എല്ലാ ഉത്തരവാദിത്തവും ഇപ്പോൾ പൂജയുടെ ചുമലിലാണ്. വീട്ടിലെ അത്യാവശ്യ ചെലവിനായി ബേക്കറി ജോലിക്കും തയ്യലിനും പൂജ പോയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആ വരുമാനവും നിലച്ചതോടെ ദാരിദ്ര്യത്തിലാണിവര്‍. കരുതിവെച്ചതെല്ലാം ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി ചെലവഴിച്ചു.
ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാൻ സ്വന്തം കരൾ പകുത്ത് നല്‍കാനും പൂജ തയ്യാറായിരുന്നെങ്കിലും ഡോക്ടർമാർ പിന്തിരിപ്പിക്കുകയായിരുന്നു. ഏഴ് മാസം മുൻപാണ് ചികിത്സയ്ക്കായി മുകേഷ് നാട്ടിലേക്ക് മടങ്ങിയത്. ഏഴ് മക്കളില്‍ മൂത്ത മകൾ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി. ബാക്കിയുള്ളവർ ഒൻപത്, ഏഴ്, ആറ്, മൂന്ന്, ഒന്ന് ക്ലാസുകളിലും അങ്കണവാടിയിലുമാണ് പഠിക്കുന്നത്. മക്കളെ പട്ടിണിക്ക് ഇടാതെ ഒരു നേരത്തെ ഭക്ഷണം നല്‍കാൻ ഒരു ജോലിയാണ് ഇപ്പോൾ ആവശ്യമെന്ന് പൂജ പറയുന്നു. ഇവരുടെ അവസ്ഥ മനസിലാക്കി ആറ് മാസമായി ക്വാർട്ടേഴ്‌സ് ഉടമ അബ്‌ദുല്‍ കരീം വാടക ഒഴിവാക്കി നല്‍കി. ഇങ്ങനെ എത്ര നാള്‍ കഴിയും എന്ന ചോദ്യം പൂജയ്ക്ക് മുന്നില്‍ ബാക്കിയാണ്.