കാസർകോട് : മാങ്ങയല്ല, മാങ്ങയണ്ടിയുണ്ടോ... ? പെറുക്കിക്കൊടുത്താൽ നല്ല വില കിട്ടും. തൃക്കരിപ്പൂർ മണ്ഡലത്തിലെ വിദ്യാർഥികള്‍ക്കാണ് മാങ്ങ കഴിച്ച് മാങ്ങയണ്ടിയിൽ വരുമാനമുണ്ടാക്കാനുള്ള അവസരം. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമാണ് ആശയത്തിന് പിന്നിൽ.
നഷ്‌ടപ്പെട്ടുപോകുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണത്തിനായാണ് ഗവേഷണ കേന്ദ്രം പുത്തൻ പദ്ധതി തയ്യാറാക്കുന്നത്. കുട്ടികൾ ശേഖരിക്കുന്ന മാങ്ങയണ്ടി സ്‌കൂളുകളുടെ മേൽനോട്ടത്തിലാണ് ഗവേഷണ കേന്ദ്രത്തിന് നൽകുക. ലഭിക്കുന്ന മാങ്ങയണ്ടികള്‍ക്ക് അനുസരിച്ച് നല്ല വിലയും അധികൃതർ നൽകും.
മാങ്ങയണ്ടി ശേഖരണം, ജനിതക വിവര ശേഖരണം എന്നിവയ്‌ക്കൊപ്പം വിത്തുകൾ മുളപ്പിച്ച് തൈകളാക്കി കർഷകർക്ക് നൽകാനാണ് ഗവേഷണ കേന്ദ്രത്തിന്‍റെ തീരുമാനം. പദ്ധതിയിൽ പങ്കെടുക്കുന്ന സ്‌കൂളുകൾ പിലിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി സെക്രട്ടറിയെ അറിയിക്കണം. ഒരു സ്‌കൂളിൽ നിന്ന് 3,000 മാങ്ങയണ്ടിയാണ് ഗവേഷണ കേന്ദ്രം സ്വീകരിക്കുക.
ശേഖരിച്ച വിത്ത് ജൂൺ അവസാനത്തോടെ ഗവേഷണ കേന്ദ്രം ഏറ്റെടുക്കും. തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾ അധ്യാപകർ എന്നിവർക്ക് ഗ്രാഫ്‌റ്റിങ്ങിലും ബഡ്ഡിങ്ങിലും പരിശീലനം നൽകാനുമാണ് ഗവേഷണ കേന്ദ്രത്തിന്‍റെ തീരുമാനം.