കാസര്‍കോട്: തെരഞ്ഞെടുപ്പ് പോരില്‍ സന്തത സഹചാരിയായ സ്‌കൂട്ടറിനെ ഒപ്പം ചേര്‍ക്കാനായതിന്‍റെ ആത്മവിശ്വാസത്തില്‍ വോട്ടര്‍മാരെ സമീപിക്കുകയാണ് കാസര്‍കോട് കോടോ ബേളൂരിലെ മിനി രാജേഷ്. ഡ്രൈവിങ് സ്‌കൂള്‍ ടീച്ചറായ മിനി സ്വതന്ത്രയായി ജനവിധി തേടുമ്പോഴാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി സ്‌കൂട്ടര്‍ അനുവദിച്ച് കിട്ടിയത്. ഈ സ്‌കൂട്ടറാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി മിനി രാജേഷിന്‍റെ വരുമാനമാര്‍ഗം. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടറായിരിക്കെ നിരവധിയാളുകള്‍ക്കാണ് മിനി ഇരുചക്ര വാഹനമോടിക്കാന്‍ പരിശീലനം നല്‍കിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ എന്നും തന്‍റെയൊപ്പമുള്ള സ്‌കൂട്ടറിനെ കൈവിടാന്‍ മിനിക്ക് മനസ് വന്നില്ല. യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമ്പോള്‍ സ്‌കൂട്ടര്‍ ചിഹ്നമായി വേണമെന്നായിരുന്നു ആഗ്രഹം. ആദ്യം കുടയാണ് ചിഹ്നമായി ലഭിച്ചതെങ്കിലും അപേക്ഷകള്‍ സമര്‍പ്പിച്ച് സ്‌കൂട്ടര്‍ തന്നെ ചിഹ്നമായി നേടിയെടുത്തതിന്‍റെ സന്തോഷത്തിലാണ് മിനി രാജേഷ്. കോടോം ബേളൂരിലെ നാലാം വാര്‍ഡിലാണ് മിനി മത്സരിക്കുന്നത്. ഈ പ്രദേശത്തെ നിരവധി വോട്ടര്‍മാരെ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ പ്രാപ്‌തമാക്കിയത് മിനിയുടെ കരങ്ങളാണ്. ബാലന്‍സ് തെറ്റാതെ ഇരുചക്രവാഹനമോടിക്കാന്‍ പരിശീലിപ്പിച്ച മിനി ഇന്ന് വോട്ടര്‍മാരെ സമീപിക്കുന്നതും തന്‍റെ ചിഹ്നമായ സ്‌കൂട്ടറില്‍ തന്നെയാണ്.