കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷമാക്കാന്‍ കാസര്‍കോട്ടേക്കെത്തുന്ന അന്യജില്ലക്കാരെ കാസര്‍കോടന്‍ രുചികളും വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നെയ്‌പ്പത്തല്‍ അഥവാ നെയ്‌പ്പത്തിരി. പ്രധാനമായി അത്താഴത്തിന് ഉണ്ടാക്കുന്ന പത്തിരിയുടെ കൂടെ ഇറച്ചിയോ മീൻ കറിയോ ആണ് വിളമ്പുക.
നെയിസ് പത്തിരി, കട്ടിപ്പത്തിരി തുടങ്ങിയ പത്തിരി വകഭേദങ്ങളില്‍ നിന്ന് വ്യതസ്‌തമാണ് കാസർകോട്ടുകാരുടെ നെയ്‌പ്പത്തല്‍. പത്തിരിക്കായി കുഴക്കുന്ന അരിപ്പൊടിയിൽ തേങ്ങ, മസാല, ജീരകം, ചെറിയഉള്ളി എന്നിവയ്‌ക്കൊപ്പം മറ്റു കൂട്ടുകള്‍ കൂടി ചേര്‍ത്ത് എണ്ണയിൽ പൊരിച്ച് എടുക്കുന്ന നെയ്‌പ്പത്തലിന് തീര്‍ത്തും വ്യത്യസ്ഥമായ രുചിയാണ്. നെയ്‌പ്പത്തലും കോഴിക്കറിയുമാണ് കാസർകോട്ടുകാരുടെ സ്പെഷ്യൽ. കലോത്സവ വേദികളില്‍ എത്തുന്നവര്‍ പലരും നെയ്പ്പത്തിരിയുടെ രുചിയറിഞ്ഞാണ് മടങ്ങുന്നത്.