കാസർകോട്: സമ്പർക്കത്തിലൂടെ 254 പേരടക്കം 276 പേർക്ക് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേർക്കും വിദേശത്ത് നിന്നെത്തിയ 17 പേർക്കും രോഗ ബാധയുണ്ടായി. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 83 പേർ രോഗ മുക്തരായി.
അതേ സമയം ജില്ലയിൽ മരണ സംഖ്യ കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. രോഗ വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്യപ്പെടാത്ത കാസർകോട് മൂന്നാം ഘട്ടത്തിൽ ഇതു വരെ 42 പേരാണ് മരണപ്പെട്ടത്. അതേ സമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തീര മേഖലയിൽ രോഗ വ്യാപനം ഉണ്ടായതും വെല്ലുവിളിയുയർതുന്നു.
മഞ്ചേശ്വരം(5), പടന്ന(3), കയ്യൂർ ചീമേനി(7), പുല്ലൂർ പെരിയ (7), എൻമകജെ(12), ബേഡകം(12), കിനാനൂർ കരിന്തളം(17), നീലേശ്വരം(14), മടിക്കൈ(5), ബളാൽ(2), പള്ളിക്കര(4), കുറ്റിക്കോൽ(3), അജാനൂർ(13), പിലിക്കോട്(8), വലിയപറമ്പ്(9), തൃക്കരിപ്പൂർ(15), ചെമ്മനാട്(18), കുമ്പള(12), കാഞ്ഞങ്ങാട്(20), മങ്കല്പടി(2), മൊഗ്രാൽ(5), കാസർകോട്(7), പനത്തടി(2), പുത്തിഗെ(3), ചെങ്കള(22), മുളിയാർ(25), കാറഡുക്ക(6), ഉദുമ(2), കോടോം ബേളൂർ(2), ചെറുവത്തൂർ(3), മധുർ(3), വോർക്കടി(1), ബദിയടുക്ക(3), മീഞ്ച(1), ഈസ്റ്റ് എളേരി(2) സ്വദേശികളാണ് രോഗ ബാധിതരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5981 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സർവേ അടക്കം 1305 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 659 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 356 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.