കാസർകോട്: ടാറ്റാ ഗ്രൂപ്പിന്‍റെ സഹായത്തോടെ കാസർകോട് നിർമിക്കുന്ന കൊവിഡ് ആശുപത്രി യാഥാർഥ്യത്തിലേക്ക്. 36 വെന്‍റിലേറ്റർ കിടക്കകൾ ഉൾപ്പെടെ ഉള്ള സൗകര്യങ്ങളാണ് തെക്കില്‍ വില്ലേജിലെ ആശുപത്രിയില്‍ ഒരുക്കുന്നത്. പൂർണമായും ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്‌നറുകളാണ് ആശുപത്രിയാകുന്നത്.
കൊവിഡ് വ്യാപനത്തിന്‍റെ തീവ്രതയും ചികിത്സ സൗകര്യത്തിന്‍റെ അപര്യാപ്തതയും പരിഗണിച്ചാണ് കാസർകോട് ഹൈടെക് ആശുപത്രി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ടാറ്റാ ഗ്രൂപ്പിന്‍റെ സഹായത്തോടെ യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു നിർമാണ പ്രവൃത്തികൾ.
540 കിടക്കൾ ഉള്ള ആശുപത്രിയുടെ വരാന്തയുടെയും മേൽക്കൂരയുടെയും പണി ഇനി പൂർത്തിയാകാനുണ്ട്. എത്രയും വേഗം നിർമാണം പൂർത്തിയാക്കി സർക്കാരിന് കൈമാറാനാണ് ടാറ്റാ അധികൃതരുടെ ലക്ഷ്യം. സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗ ബാധിതർ വർധിക്കുന്നത് ആശങ്കയുയർത്തുന്ന ഘട്ടത്തിലാണ് ടാറ്റാ ആശുപത്രി യാഥാർത്ഥ്യമാകുന്നത്. 400 കിടക്കകളാണ് ക്വാറന്‍റൈന് വേണ്ടി ആശുപത്രിയില്‍ ഉള്ളത്. 36 വെന്‍റിലേറ്റർ കിടക്കകളും എയർലോക്ക് സിസ്റ്റത്തിൽ നൂറോളം ഐസൊലേഷൻ ബെഡുകളും ടാറ്റാ ആശുപത്രിയിലുണ്ടാകും. മറ്റ് സൗകര്യങ്ങൾക്കായുള്ള കണ്ടെയ്നറുകളും ഉണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ തീരുമാനപ്രകാരമുള്ള ആദ്യ ആശുപത്രിയാണ് ഇതോടെ കാസർകോട് സജ്ജമാകുന്നത്.