കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട 55 വയസുള്ള മൊഗ്രാൽ പുത്തൂർ സ്വദേശി ബി.എം അബ്ദുൾ റാഹ്മാൻ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്ന് ആരോഗ്യ വകുപ്പ്. കർണാടകയിലെ ഹുബ്ലിയിൽ പലചരക്കു കട നടത്തുന്ന ഇയാൾ ചികിത്സയുടെ ഭാഗമായി ആന്‍ജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് നാല് ദിവസം മുമ്പ് ഹുബ്ലിയിൽ വച്ച് പനി അനുഭവപ്പെട്ടിരുന്നുവെന്നും അധികൃതർ അറിയിച്ചു.
രണ്ട് സുഹൃത്തുക്കളോടൊപ്പം കാർ മാർഗം ഹുബ്ലിയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ഇവർ തലപ്പാടി ചെക്ക് പോസ്റ്റിൽ നിന്ന് മറ്റൊരു കാറിൽ മൊഗ്രാൽ പുത്തൂരിലേക്കു വരുന്ന വഴി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിയത്. ആശുപത്രിയിൽ എത്തിയ ഉടൻ മരണപ്പെടുകയായിരുന്നു. തുടർന്ന് സ്രവപരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയ സംബന്ധമായ അസുഖമായിരിക്കാം ഇദ്ദേഹത്തിന്‍റെ മരണകാരണമെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ ശേഷമാണ് രോഗി ഹുബ്ലിയിൽ നിന്നെത്തിയതാണെന്ന കാര്യം ആശുപത്രി അധികൃതർ പോലും അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കിയിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പാരാമെഡിക്കൽ ജീവനക്കാരും, രോഗിയോടൊപ്പം യാത്ര ചെയ്ത രണ്ടു ബന്ധുക്കളും, ടാക്സി ഡ്രൈവറും ഇന്നലെ നിരീക്ഷണത്തിൽ പ്രവേശിച്ചു.