കാസർകോട് : ഏഴ് മക്കളുള്ള കുടുംബത്തിൽ മൂന്നാമനായി ജനനം. രണ്ടുവയസ് പൂർത്തിയായപ്പോൾ പോളിയോ പിടിപെട്ടു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, ജീവൻ തിരിച്ചുകിട്ടാൻ സാധ്യതയില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതി. എന്നാൽ ആ ബാലൻ ഇന്ന് താൻ പഠിച്ച ചെർക്കള സെൻട്രലിലെ ഗവ. സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം പ്രധാന അധ്യാപകനാണ്. ചേരൂർ മിനാ മൻസിലിൽ എം.എം അബ്‌ദുൽ ഖാദറിന്‍റെ നിശ്ചയദാർഢ്യത്തിന്‍റെയും പോരാട്ടത്തിന്‍റെയും ഈ അനുഭവ കഥ ആർക്കും പ്രചോദനമാകുന്ന ഒന്നാണ്.
നേരത്തേ അബ്‌ദുൽ ഖാദർ ഇടുക്കി തോപ്രാംകുടി ജിഎച്ച്എസ്എസിലും എറണാകുളം തിരുവാങ്കുളം ജിഎച്ച്എസ്എസിലും പ്രധാന അധ്യാപകനായി പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം സ്‌കൂളിലേക്ക് പ്രധാന അധ്യാപകനായി എത്താനായതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. 5-ാം ക്ലാസ് വരെ ചേരൂരിലും 6-ാം ക്ലാസ് ചെർക്കള സെൻട്രലിലും ആയിരുന്നു അബ്‌ദുൽ ഖാദറിന്‍റെ വിദ്യാഭ്യാസം.
ചേരൂർ നിന്ന് നാല് കിലോമീറ്റർ വരെ കാൽ നടയായി എത്തിയായിരുന്നു പഠനം. ശേഷിക്കുറവുള്ള കാലുമായി കുന്നും കുഴിയും കയറിയിറങ്ങുക സാഹസമായിരുന്നു. അവഗണനകൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും ചിരിച്ചുകൊണ്ട് നേരിട്ടു. പഠനത്തോടൊപ്പം ചിത്രരചന, മാപ്പിളപ്പാട്ട് എന്നിവയിലും കഴിവ് തെളിയിച്ചു.
കാസർകോട് ഗവ.കോളജിൽ നിന്ന് ഡിഗ്രിയും കാലിക്കറ്റ് സർവകലാശാലയുടെ ബിഎഡും എം.എയും എടുത്തു. കേരളത്തിൽ ഹൈസ്‌കൂൾ അറബി അധ്യാപകർക്കും പ്രൈമറി അറബി അധ്യാപകർക്കും പിഎസ്‌സി പരീക്ഷയ്ക്കുള്ള ഗൈഡ് തയാറാക്കി പ്രസിദ്ധീകരിച്ചു. തുടർന്ന് 1995 ലാണ് അദ്ദേഹം തന്‍റെ അധ്യാപക ജീവിതം ആരംഭിക്കുന്നത്.
2021ൽ എസ്എസ്എൽസി പരീക്ഷയിൽ ചെർക്കള സെൻട്രൽ ജിഎച്ച്എസ്എസിൽ ആദ്യമായി 100 മേനി വിജയം നേടിയതിന് പിന്നിൽ അബ്‌ദുൽ ഖാദറിന്‍റെ ശ്രമകരമായ പ്രവർത്തനവുമുണ്ടായിരുന്നു. ഇരു കാലിനും പോളിയോ ബാധിച്ച് തളർന്ന് ഒതുങ്ങിപ്പോവേണ്ടിയിരുന്നതായിരുന്നു ജീവിതം. എന്നാൽ ഊന്നുവടിയും മുച്ചക്ര വാഹനവും താങ്ങായി വിജയത്തിന്‍റെ കഥകളുമായി 54-ാം വയസില്‍ മുന്നേറുകയാണ് അബ്‌ദുൽ ഖാദർ.