കാസര്‍കോട്: ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ച് ബി.ജെ.പി പ്രവര്‍ത്തകർ. താഴിട്ടുപൂട്ടിയാണ് പ്രതിഷേധം നടത്തുന്നത്. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.എം – ബി.ജെ.പി കൂട്ടുകെട്ടിനെതിരയാണ് പ്രതിഷേധം.
ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആക്കാനുള്ള ശ്രമം നടത്തുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ന് സുരേന്ദ്രന്‍ കാസര്‍കോട് എത്തിയാല്‍ വിഷയം ചര്‍ച്ച ചെയ്യാനിരുന്നതായിരുന്നു പ്രവര്‍ത്തകര്‍.
ALSO READ: പേഴ്‌സണൽ സ്റ്റാഫ് വിവാദം: 'ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ല', വിമർശനവുമായി കെ മുരളീധരൻ എം.പി
എന്നാല്‍, ഇന്ന് രാവിലെ കാസര്‍കോട്ടെ പരിപാടികള്‍ റദ്ദാക്കുകയാണെന്ന് സുരേന്ദ്രന്‍റെ ഓഫിസ് അറിയിച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തുവന്നത്. കാസര്‍കോട് ബി.ജെ.പിയില്‍ പോര് രൂക്ഷമാകുന്നതിനിടെയാണ് പ്രവർത്തകരുടെ പരസ്യപ്രതിഷേധം. പാർട്ടിക്കുവേണ്ടി ബലിദാനിയായ ആളെ അപമാനിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഈ കൂട്ടുകെട്ടിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പലതവണ നേതൃത്വവുമായി സംസാരിച്ചിട്ടും തീർപ്പുണ്ടായില്ല. നിരവധി കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ജ്യോതിഷിന്‍റെ ആത്മഹത്യയോടെയാണ് പാർട്ടിക്കുള്ളിൽ കാസര്‍കോട് പ്രശ്‌നങ്ങൾ രൂക്ഷമായത്. ഇതിനുപിന്നാലെ ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ പി രമേശ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.