കാസര്‍കോട്: കാസര്‍കോട് നഗരപരിധിയിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധം. കടകള്‍ തുറന്നതിന് പിന്നാലെ അധികൃതര്‍ എത്തി പൊളിച്ചു നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗവും പൊതുമരാമത്ത് അധികൃരും ഒരുമിച്ചാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാധനസാമഗ്രികള്‍ നീക്കിയതോടെ വഴിയോരക്കച്ചവടക്കാര്‍ സംഘടിച്ച് പ്രതിഷേധം ഉയര്‍ത്തി. ഇതിനിടെ വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ നേതാക്കളും സ്ഥലത്തെത്തി. സംഭവം ജില്ലാ കലക്ടറെ നേരിട്ട് അറിയിച്ചു. കലക്ടറുടെ ഉറപ്പിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഒഴിഞ്ഞു പോകാന്‍ സമയം നീട്ടി നല്‍കിയ കാര്യമറിയില്ലെന്നുമുള്ള നിലിപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചു നിന്നു. ഒടുവില്‍ ആഗസ്ത് 15ന് മുമ്പ് സ്ഥലം വിട്ടുനല്‍കുമെന്ന് വഴിയോരക്കച്ചവടക്കാര്‍ എഴുതി നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയത്. ബദല്‍ സംവിധാനമൊരുക്കണമെന്നും സ്ഥലം വിട്ടു നല്‍കാന്‍ സാവകാശം വേണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കടകളില്‍ നിന്നും നഗരസഭാ വാഹനത്തിലേക്ക് കയറ്റിയ പഴ വര്‍ഗങ്ങള്‍ നഗരസഭാ ജീവനക്കാര്‍ തന്നെ തിരിച്ചിറക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.