കാസർകോട്: ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ഗുണ്ടാ സംഘം അടിച്ചു തകർത്തു. 50 രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചത് നൽകാതിരുന്നതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്. ഉളിയത്തടുക്ക-മധൂർ റോഡിന് സമീപമുള്ള എ.കെ.സൺസ് പെട്രോൾ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്. പണം നൽകാതിരുന്നതിനെ തുടർന്ന് തിരികെ പോയ സംഘം കൂടുതൽ ആളുകളുമായി വന്ന് പമ്പ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. പ്രെട്രോൾ പമ്പിലെ ഓയിൽ റൂമും ഓഫീസ് റൂമും ജ്യൂസ് സെന്‍ററും അക്രമികൾ അടിച്ചു തകർക്കുകയായിരുന്നു. പമ്പ് ഉടമയുടെ സഹോദരനെയും സംഘം മർദിച്ചു. ലക്ഷങ്ങളുടെ നഷ്‌ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. സംഭവത്തിൽ പ്രതിഷേധം അറിയിച്ചും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ചു മണിവരെ ജില്ലയിലെ മുഴുവൻ പമ്പുകളും അടച്ചിടുമെന്ന് ഡീലേർസ് അസോസിയേഷൻ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്ന് പമ്പ് ഉടമയും വ്യക്തമാക്കി. എട്ടു പേർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ സാബിത്താണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ALSO READ: 'ബാബുവിന് നൽകിയ ഇളവ് ഇനി ആർക്കും ഇല്ല': മന്ത്രി കെ രാജൻ