കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായഎം സി കമറുദ്ദീൻ എം എൽ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപിയും, ഇടതുമുന്നണിയും. കമറുദ്ദീന്‍റെ രാജി ആവശ്യപ്പെട്ട് ബി ജെ പി മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടയിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ കയ്യാങ്കളിയിൽ മുസ്ലിംലീഗ് നേതാവ് കല്ലട്ര മാഹിനെതിരെ പൊലീസ് കേസെടുത്തു. കല്ലട്ര മാഹിൻ മർദ്ദിച്ചെന്നാരോപിച്ച് ഫാഷൻ ഗോൾഡ് മുൻ ജീവനക്കാരന്റെ പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. ആസ്‌തി വകകളും കടബാധ്യതയും സംബന്ധിച്ച കണക്കെടുപ്പിനിടെയാണ് സംഭവം. മാഹിന്റെ മേൽപ്പറമ്പിലെ വീട്ടിൽ ഒത്തു തീർപ്പ് നടപടികളുടെ ഭാഗമായി എത്തിയ മുസ്‌തഫയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയെന്നാണ് പരാതി.