കാസര്‍കോട്: ജില്ലയിലെ ഭൂഗര്‍ഭ ജലക്ഷാമത്തിന് പരിഹാര നിര്‍ദേശങ്ങളുമായി ജലനയത്തിന് കരട് രൂപരേഖ തയ്യാറായി. കേന്ദ്ര വിദഗ്‌ധരുടെ നിര്‍ദേശങ്ങളടക്കം ഉള്‍ക്കൊള്ളിച്ചാണ് രൂപരേഖ തയ്യാറാക്കിയത്. തദ്ദേശസ്ഥാപനങ്ങള്‍ക്കൊപ്പം വിവിധ വകുപ്പുകളെയും പങ്കെടുപ്പിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് ജലനയത്തിലൂടെ കാസർകോട് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ജലക്ഷാമം രൂക്ഷമായതോടെയാണ് ജലനയവുമായി മുന്നോട്ടു പോകാന്‍ ഭരണകൂടം തീരുമാനിച്ചത്. ജില്ലയിലെ ആറ് ബ്ലോക്കുകളില്‍ നാലിടത്തും ജലദൗര്‍ലഭ്യം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിനുള്ള പദ്ധതികളാണ് ജലശക്തി അഭിയാനിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ലയിലെ 12 നദികളിലും റെഗുലേറ്റര്‍ കം ചെക് ഡാമുകള്‍ അനിവാര്യമാണെന്ന് നേരത്തെ കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു.
നിര്‍ദേശങ്ങൾ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തവും ഉറപ്പ് വരുത്താനാണ് തീരുമാനം. ജലനയം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി വിവിധ വകുപ്പ് പ്രതിനിധികളെയും തദ്ദേശസ്ഥാപനപ്രതിനിധികളെയും വിളിച്ച് ചേര്‍ത്ത് വിശദമായ ചര്‍ച്ച നടന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ജലസംരക്ഷണത്തിനായി നടത്തുന്ന പദ്ധതികളെ കുറിച്ച് പഠിച്ച് ജില്ലക്ക് അനുയോജ്യമായവ നടപ്പില്‍ വരുത്തും. ഭൂഗര്‍ഭജല നിരപ്പ് വര്‍ധിപ്പിക്കുന്നതിനായി ബാംബൂ കാപിറ്റല്‍, ജലമാണ് ജീവന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഇവക്കൊപ്പം വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളും കൂടി സംയോജിപ്പിച്ച് ജില്ലയിലാകെ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.