കാസര്‍കോട്: കാഞ്ഞങ്ങാട് വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച നാല് വയസുകാരന്‍ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മഹേഷിന്‍റെ മകന്‍ അദ്വൈതാണ് മരിച്ചത്. താന്‍ ആത്മഹത്യ ചെയ്യാനായി എലിവിഷം ചേര്‍ത്ത് വച്ച ഐസ്‌ക്രീം കഴിച്ചാണ് കുട്ടിയുടെ മരണമെന്ന് അമ്മ വര്‍ഷ പൊലീസിന് മൊഴി നല്‍കി. അസുഖം മൂര്‍ച്ഛിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് അദ്വൈത് മരിച്ചത്. ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന ബിരിയാണിയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയാണ് അദ്വൈതിന്‍റെ മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം
അമ്മ കഴിച്ച ശേഷം ബാക്കി വന്ന ഐസ്‌ക്രീം യാദൃച്ഛികമായി കുട്ടി കഴിക്കുകയായിരുന്നു. രണ്ട് വയസുകാരനായ മറ്റൊരു മകന്‍ ഇഷാനും വര്‍ഷയുടെ സഹോദരി ദൃശ്യയും ഐസ്‌ക്രീം കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. പുലര്‍ച്ചെയോടെ അവശനിലയിലായ കുട്ടി മരിച്ചു. പിറ്റേന്ന് വര്‍ഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു. ഇതോടെയാണ് അദ്വൈത് മരണത്തില്‍ സംശയം ഉയര്‍ന്നത്.
ഭര്‍ത്താവുമായുണ്ടായ അകല്‍ച്ചയുടെ മനോവിഷമത്തിലാണ് ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വര്‍ഷ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഐസ്ക്രീം കഴിച്ച് തളര്‍ന്നുറങ്ങുന്നതിനിടെ മക്കളും സഹോദരിയും അബദ്ധത്തില്‍ ബാക്കി ഐസ്ക്രീം കഴിച്ചാതാണെന്ന് വര്‍ഷ പറഞ്ഞു. അതേസമയം വര്‍ഷയുടെയും സഹോദരിയുടെയും ആരോഗ്യനില അതീവ ഗുരുതരമാണ്.
ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ദൃശ്യ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അടുത്ത വീട്ടില്‍ നിന്നും വര്‍ഷയുടെ വീട്ടിലെത്തിയത്. ബിരിയാണിക്കൊപ്പം ഉണ്ടായിരുന്ന ഐസ്‌ക്രീം മാത്രമാണ് ദൃശ്യ കഴിച്ചിരുന്നത്. ഇതോടെയാണ് അദ്വൈതിന്‍റെ മരണത്തിലും മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമായതിലും ദുരൂഹത ഉയര്‍ന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരണ ശേഷം നടത്തിയ പരിശോധനയില്‍ വിഷാംശമൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.